Your Image Description Your Image Description

 

തൃശൂർ: ഇരിങ്ങാലക്കുട മൂർക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മൂർക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതികളായ മൂർക്കനാട് സ്വദേശി മാൻഡ്രൂ എന്ന് വിളിക്കുന്ന കറുത്തുപറമ്പിൽ വീട്ടിൽ അഭിനന്ദ് (26), തുറവൻകാട് സ്വദേശി തൈവളപ്പിൽ ടുട്ടു എന്ന അഭിഷേക് (28), വെള്ളാങ്കല്ലൂർ സ്വദേശി കുന്നത്താൻ വീട്ടിൽ മെജോ (32) എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഇവർ മൂന്നുപേരും ഇരിങ്ങാലക്കുടയിൽ 2018 ൽ നടന്ന ചുണ്ണാമ്പ് തെറിച്ചതുമായി തുടർന്നുള്ള തർക്കത്തെ തുടർന്ന് മോന്തചാലിൽ വിജയൻ എന്നയാളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. ഇവർക്ക് ഈ കേസിൽ ജീവപര്യന്ത്യം ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. അന്നത്തെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ മുരുകേഷ് കടവത്തിനെതിരേ വധഭീഷണി മുഴക്കിയതിനും ഇവർക്കെതിരേ കേസ് നിലവിലുണ്ട്.

പിന്നീട് ജാമ്യത്തിൽ ഇറങ്ങിയാണ് മൂർക്കനാട് ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്നതിനിടെ ആലൂംപറമ്പിൽവച്ച് നടന്ന സംഘർഷത്തിൽ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത്. മുമ്പ് ഒരു കൊലപാതക കേസിൽ ജീവപര്യന്ത്യം ശിക്ഷ ലഭിച്ച് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കൊലപാതകങ്ങൾ നടത്തിയതിനാൽ ഐ.പി.സി. 303 വകുപ്പ് കൂടി ചുമത്തി വധശിക്ഷ കിട്ടാവുന്ന തരത്തിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

മൂർക്കനാട് നടന്ന ഫുട്‌ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് ഇരുവിഭാഗം യുവാക്കൾ തമ്മിലുള്ള കത്തിക്കുത്തിൽ കലാശിച്ചത്. തൃശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശി അക്ഷയ് (21), ആനന്ദപുരം പൊന്നയത്ത് സ്വദേശി സന്തോഷ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആകെ 15 പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 90 ദിവസത്തിനുള്ളിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാനപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി ഉത്തരവിട്ടത്. കേസിൽ ഇനിയും നാലോളം പേരെ പിടികൂടാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *