Your Image Description Your Image Description

 

പത്തനംതിട്ട : മാന്നാർ കല കൊലക്കേസിലെ പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.ഒന്നാം പ്രതി അനിൽ വിദേശത്താണുളളത്. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികൾ.

കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കലയെ കൊലപ്പെടുത്താൻ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കൊലപ്പെടുത്താൻ ആയുധം ഉപയോഗിച്ചതായി സംശയമുണ്ട്. അത് കണ്ടെത്താനായി അന്വേഷണം വേണമെന്നും പൊലീസ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി പ്രതികളെ 6 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ. പ്രതികൾ നാലുപേരും ചേർന്ന് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിൻറെ നിഗമനം.

15 വർഷം മുമ്പ് കാണാതായി, ഇന്ന് തെളിഞ്ഞത് കൊലപാതകം

മാന്നാറിൽ നിന്നും 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ തിരോധാനത്തിലാണ് ഇപ്പോൾ സത്യം പുറത്ത് വരുന്നത്. കലയുടെയും അനിലിൻറെയും പ്രണയ വിവാഹമായിരുന്നു. അനിൽ അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു ജോലി ചെയ്തിരുന്നത്. കല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ കലയുടെ വീട്ടുകാർ എതിർത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് കലയെ കാണാതായത്. തങ്ങളുടെ താൽപര്യമില്ലാതെ വിവാഹം ചെയ്തതിനാൽ അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. വർഷങ്ങൾക്കു മുമ്പ് കല മറ്റൊരാൾക്കൊപ്പം പോയെന്നു തന്നെയാണ് നാട്ടുകാരും വിശ്വസിച്ചിരുന്നത്. പലതവണ പലയിടത്തും കലയെ കണ്ടെന്നും നാട്ടിൽ കഥകൾ പ്രചരിച്ചിരുന്നു.നിലിനെ വിവാഹം ചെയ്ത ശേഷം മറ്റൊരാൾക്കൊപ്പം പോയെന്നത് നാണകേടുണ്ടാക്കി എന്നതാണ് അന്വേഷിക്കാതിരിക്കാനുള്ള കാരണമായി ബന്ധുക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *