Your Image Description Your Image Description

 

തിരുവനന്തപുരം: ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പാക്കി. പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരനായ ഉമർ ശരീഫ് പറഞ്ഞു. പരസ്പര ധാരണയിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും പരാതിക്കാരൻ പറയുന്നു. കേസ് ഒത്തു തീർപ്പായതോടെ ഡിജിപി പരാതിക്കാരന് പണം തിരികെ നൽകും.

സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഇത്ര ഗുരുതരമായ പരാതി വരുന്നതും കോടതിയുടെ ഇടപെടലുണ്ടാകുന്നതും അസാധാരണമാണ്. ആഭ്യന്തര വകുപ്പിനെതിരെ പാർട്ടി യോഗങ്ങളിലും പുറത്തു വലിയ വിമർശനങ്ങൾ ഉയരുമ്പോഴാണ് പൊലീസ് മേധാവി തന്നെ വിശ്വാസവഞ്ചനാ കേസിൽ പ്രതിക്കൂട്ടിലായത്. ഭൂമിയുടെ പേരിലുള്ള ലോൺ വിവരം മറച്ചുവെച്ച് വിൽപ്പന കരാർ ഉണ്ടാക്കിയത് ഗുരുതര കുറ്റമാണ്. അതിലും ഗൗരവമേറിയതാണ് ആദായനികുതി വകുപ്പിൻ്റെ മാർഗ്ഗരേഖ മറികടന്ന് സ്വന്തം ചേംബറിൽ വെച്ച് അഞ്ചു ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയത്.

കഴിഞ്ഞ മാസം 24 നാണ് പ്രവാസിയായ ഉമർ ശരീഫ് മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയത്. പരാതി കൈപ്പറ്റിയ ശേഷം തുടർനടപടിക്ക് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കോടതി ഉത്തരവ് അടക്കമുള്ള തെളിവുകളോടെയായിരുന്നു പരാതി. പരാതി നിലനിൽക്കെയാണ് രണ്ട് ദിവസത്തിന് ശേഷം ഷെയ്ഖ് ദർവേസ് സാഹിബിന് സർവ്വീസ് കാലാവധി നീട്ടിയത്. ഭൂമിവിവാദത്തിൽ സർക്കാറും സേനയും ഒരു പോലെ വെട്ടിലായതോടെയാണ് അതിവേഗത്തിലുള്ള ഒത്ത് തീർപ്പ് ശ്രമങ്ങളുണ്ടായത്. ഉമർ ശരീഫിൽ നിന്ന് കൈപ്പറ്റിയ 30 ലക്ഷം രൂപ ഉടൻ കൈമാറി കേസ് അവസാനിപ്പിക്കാനായിരുന്നു ശ്രമം. പണം നൽകുന്ന മുറക്ക് പരാതിക്കാരൻ കോടതിയെ ഇക്കാര്യം അറിയിച്ച് പിന്മാറും. എന്നാൽ പണം നൽകി കേസ് തീർന്നാലും പ്രശ്നം തീരുന്നില്ല. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള സേനയുടെ തലപ്പത്തുള്ളയാൾ തന്നെ വിശ്വാസ വഞ്ചന കാണിച്ചു എന്നത് അതീവ ഗൗരവമേറിയ പ്രശ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *