Your Image Description Your Image Description

 

ഡൽഹി: ബിജെപിക്ക് ഹിന്ദു സംസ്കാരത്തിന്റെ അടിസ്ഥാന തത്വങ്ങൾ അറിയില്ലെന്ന് ആവർത്തിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ കോൺഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നു. ബിജെപി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്. ഗുജറാത്തിലെ ജനങ്ങൾ ബിജെപി സർക്കാരിനെ ഒരു പാഠം പഠിപ്പിക്കും. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുൽ പറഞ്ഞു.

രാഹുൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അഹമ്മദാബാദിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. വി എച്ച് പി, ബജ്റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ഗുജറാത്തിലെ കോൺഗ്രസ് വക്താവ് ഹേമങ് റാവൽ പറഞ്ഞു. കോൺഗ്രസ് ആസ്ഥാനത്ത് കറുത്ത പെയിൻറ് ഒഴിക്കുകയും രാഹുൽ ഗാന്ധിയുടെ ഫോട്ടോ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസ് പരാതി നൽകി.

അതേസമയം സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ കോൺഗ്രസാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ബിജെപിയുടെ പ്രതികരണം. രാഹുൽ ലോക്സഭയിൽ നടത്തിയ പരാമർശത്തിന് മാപ്പ് പറയണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ പേരിൽ ചിലർ അക്രമം നടത്തുന്നുവെന്ന രാഹുലിൻറെ പരാമർശത്തിനെതിരെയാണ് പാർലമെൻറിന് അകത്തും പുറത്തും ബിജെപി പ്രതിഷേധം ഉയർത്തിയത്. ആർഎസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധികളല്ലെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചു എന്നാണ് ബിജെപി ആരോപണം.

 

Leave a Reply

Your email address will not be published. Required fields are marked *