Your Image Description Your Image Description

 

തിരുവനന്തപുരം: എസ്എഫ്ഐ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ സിപിഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡൻറ് കെ. സുധാകരൻ ആവശ്യപ്പെട്ടു. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിൻറ് സെക്രട്ടറിയും വിദ്യാർത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കൾ മർദ്ദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ എം.വിൻസൻറ് എംഎൽഎയെയും എസ്.എഫ്.ഐക്കാർ കയ്യേറ്റം ചെയ്തു. ഈ സമയത്തെല്ലാം പൊലീസുകാർ വെറും കാഴ്ചക്കാരായിരുന്നു. കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ച എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുക്കാത്തതിനെ തുടർന്നാണ് എംഎൽഎമാരായ എം. വിൻസന്റ്,ചാണ്ടി ഉമ്മൻ എന്നിവർ കുട്ടികളോടൊപ്പം പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. അത് ജനപ്രതിനിധികളുടെ കടമകൂടിയാണ്. അതുകൊണ്ട് മാത്രമാണ് അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പേരിനെങ്കിലും കേസെടുക്കാൻ പൊലീസ് നിർബന്ധിതരായത്. അതിൻറെ പ്രതികാരമാണ് യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള പൊലീസിൻറെ കള്ളക്കേസ്.

ക്രിമിനലുകളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെയും അവർക്ക് സഹായം നൽകുന്ന പോലീസിന്റെയും നിലപാട് പ്രതിഷേധാർഹമാണ്. എസ്.എഫ്.ഐയുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റതിന്റെ പേരിൽ കെ.എസ്.യുവിൻറെ പ്രവർത്തകർക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല. അധ്യാപകന്റെ കാൽവെട്ടുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും കാമ്പസുകളിൽ അക്രമങ്ങൾ നടത്തുകയും നിരപരാധികളായ വിദ്യാർത്ഥികളെ മർദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിലൂടെ സിപിഎം ഭാവിയിലേക്കുള്ള ക്വട്ടേഷൻ സംഘത്തെ വാർത്തെടുക്കുകയാണ്. എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കലാലയങ്ങളിൽ ഇടിമുറികൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതിന് ഇടതനുകൂലികളായ അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ട്.

എസ്.എഫ്. ഐയുടെയും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ വിദ്യാർത്ഥികൾ പടിക്കുപുറത്താക്കുന്ന കാഴ്ചയാണ് കാമ്പസ് തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത്. തിരഞ്ഞെടുപ്പുകളിൽ ജനവിധി എതിരായിട്ടും തിരുത്താൻ സിപിഎം തയ്യാറാകാത്തത് നിർഭാഗ്യകരമാണ്. സിപിഎമ്മിന്റെ തെറ്റുതിരുത്തൽ എസ്.എഫ്.ഐയിൽ നിന്ന് തുടങ്ങുന്നതാണ് ഉചിതം. അതല്ലാതെ അക്രമം തുടരാനാണ് ഉദ്ദേശമെങ്കിൽ അതിന് വലിയ വില നൽകേണ്ടിവരും. അത് മുന്നിൽ കണ്ട് സ്വയംതിരുത്താൻ എസ്.എഫ്.ഐയെ ഉപദേശിക്കുന്നതാണ് സിപിഎമ്മിന് നല്ലതെന്നും കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *