Your Image Description Your Image Description

കൊച്ചി : രണ്ടാംഘട്ടം കൊച്ചി മെട്രോയുടെ നിർമാണം കാക്കനാട്‌ കുന്നുംപുറത്ത്‌ തുടങ്ങി. കലൂർ സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെയുള്ള രണ്ടാംപാതയുടെ നിർമാണം ബുധൻ രാവിലെ കാക്കനാട്‌ കുന്നുംപുറത്താണ് തുടങ്ങിയത് . കരാർ നേടിയ അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ആണ് വയഡെക്ട്‌ സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിങ് ചെയ്യുന്നത്. രാവിലെ 10.30ന്‌ നിർമാണത്തിന്‌ തുടക്കമായി.

നിർമാണം പൂർത്തിയാക്കാനുള്ള 11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും കരാർ കാലാവധി 600 ദിവസമാണ്‌. നേരത്തേ തന്നെ സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ്‌ പൂർത്തിയായി കവാടങ്ങളുടെ നിർമാണജോലികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞമാസമാണ്‌ പാതയുടെയും സ്‌റ്റേഷനുകളുടെയും നിർമാണത്തിനുള്ള കരാർ നൽകിയത് മുംബൈ ആസ്ഥാനമായ ബഹുരാഷ്‌ട്ര കമ്പനിക്കാണ് .അത് 1141.32 കോടിയുടേതാണ്‌ കരാർ. കലൂർ സ്‌റ്റേഡിയം സ്‌റ്റേഷൻതന്നെയാണ്‌ ‘പിങ്ക്‌ പാത’ എന്നുപേരുള്ള കാക്കനാട്‌ പാതയുടെ ആദ്യ സ്‌റ്റേഷൻ. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്‌, ചെമ്പുമുക്ക്‌, വാഴക്കാല, പടമുകൾ, കാക്കനാട്‌ ജങ്ഷൻ, കൊച്ചിൻ സെസ്‌, ചിറ്റേത്തുകര, കിൻഫ്രപാർക്ക്‌, ഇൻഫോപാർക്ക്‌ എന്നിവയാണ്‌ മറ്റ്‌ സ്‌റ്റേഷനുകൾ.

2017ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക്‌ പാതയ്‌ക്ക്‌ 2022ലാണ്‌ കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി ലഭിച്ചത് .നിർമാണോദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചെങ്കിലും പദ്ധതിക്കായുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശവായ്‌പ ഏജൻസി ഇതിൽ നിന്ന് പിന്മാറുകയായിരുന്നു . തുടർന്ന് നിർമാണം വീണ്ടും വൈകി. പിന്നീട് കഴിഞ്ഞ മാർച്ചിലാണ്‌ സിവിൽ ജോലികൾക്കുള്ള ടെൻഡർ വീണ്ടും ക്ഷണിച്ചത്‌. റെയിൽ വികാസ്‌ നിഗം, കെഇസി ഇന്റർനാഷണൽ എന്നീ കമ്പനികളും രംഗത്തുണ്ടായിട്ടും സാങ്കേതിക ബിഡിൽ യോഗ്യത നേടിയത്‌ അഫ്‌കോൺസ്‌ മാത്രമായിരുന്നു . ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ്‌ ബാങ്കിൽനിന്നുള്ള വിദേശവായ്‌പ നടപടികളും പൂർത്തിയാക്കിയാണ്‌ കെഎംആർഎൽ അഫ്‌കോൺസുമായി കരാറിൽ ഏർപ്പെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *