Your Image Description Your Image Description

തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കരിവീരന്‍മാര്‍ക്ക് ഇനി സുഖചികിത്സയുടെ കാലം. ഒരു മാസക്കാലമാണ് ചികിത്സ. വേനലില്‍ എഴുന്നള്ളിപ്പുകള്‍ക്കായി പൂരപ്പറമ്പുകള്‍ ഓടിനടന്ന് ക്ഷീണിതരായ ആനകള്‍ക്ക് കര്‍ക്കടകത്തിനു മുന്നോടിയായാണ് സൗഖ്യം പ്രദാനം ചെയ്യുന്ന ചികിത്സ നല്‍കുന്നത്. ആനകളുടെ ശരീരപുഷ്ടിയും തേജസും ഓജസും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇതിനുപിന്നില്‍. കഴിഞ്ഞ 35 വര്‍ഷമായി ആനകള്‍ക്ക് 30 ദിവസം സുഖചികിത്സ നല്‍കാറുണ്ട്.

ചികിത്സയ്ക്ക് മുന്നോടിയായി വിദഗ്ധ ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സമീകൃതാഹാരമാണ് ഓരോ ആനകള്‍ക്കും ഈ സമയത്ത് നല്‍കുന്നത്. വിരമരുന്ന് നല്‍കലാണ് ചികിത്സയുടെ ആദ്യഘട്ടം. ദിവസവും തേച്ചു കുളിപ്പിച്ച് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ആനത്താവളത്തിലെ വടക്കേ മുറ്റത്ത് വരിയായി നിര്‍ത്തുക. ആനകളുടെ തൂക്കത്തിനനുസരിച്ചുള്ള മരുന്ന് ചേര്‍ത്ത ചോറുരുള ആനവായില്‍ നല്‍കും. ഇതിനുപുറമേ പട്ടയും പുല്ലും പഴങ്ങളും ലഭിക്കും.

ലക്ഷങ്ങളാണ് വര്‍ഷംതോറും ദേവസ്വം ഇതിനുവേണ്ടി ചെലവഴിക്കുന്നത്. 11 ലക്ഷം രൂപയാണ് ഇത്തവണത്തെ സുഖചികിത്സയ്ക്കായി വകയിരുത്തിയത്. ഗുരുവായൂര്‍ ദേവസ്വം ലാഭനഷ്ട കണക്കുകള്‍ നോക്കിയല്ല ആനകളെ പരിപാലിക്കുന്നതെന്നതിന് തെളിവാണ് ഈ ചികിത്സയെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ പറഞ്ഞു. ആകെയുള്ള 38 ആനകളില്‍ 26 ആനകള്‍ക്കാണ് ഇത്തവണ ചികിത്സ നല്‍കുന്നത്. മദപ്പാടില്‍ തളച്ചിരിക്കുന്ന ബാക്കിയുള്ള ആനകള്‍ക്ക് പിന്നീട് ചികിത്സ നല്‍കും. 15 ആനകളെ വരിയായി നിര്‍ത്തി തീറ്റപ്രിയന്‍ ദേവദാസിന് ചോറുരുള നല്‍കി ദേവസ്വം ചെയര്‍മാന്‍ സുഖചികിത്സ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *