Your Image Description Your Image Description

മ്യൂണിക്: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ റുമാനിയയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറിലെത്തി. ആദ്യ പകുതിയുടെ ഇരുപതാം മിനിറ്റില്‍ കോഡി ഗാക്പോയും 83-ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഡോണില്‍ മാലനുമാണ് നെതര്‍ലന്‍ഡ്സിനായി വല കുലുക്കിയത്. ഇന്ന് നടക്കുന്ന രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേിയ-തുര്‍ക്കി മത്സര വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്‍റെ എതിരാളികള്‍.

തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും ആക്രമണങ്ങളിലുമെല്ലാം മുന്നിട്ടുനിന്ന ഓറഞ്ച് പടക്ക് തന്നെയായിരുന്നു കളിയില്‍ സര്‍വാധിപത്യം. മത്സരത്തിലാകെ നെതര്‍ലന്‍ഡ് റുമാനിയന്‍ പോസ്റ്റിലേക്ക് ആറ് തവണ ഷോട്ട് പായിച്ചപ്പോള്‍ റുമാനിയക്ക് ഒരു തവണ മാത്രമാണ് പോസ്റ്റിലേക്ക് ലക്ഷ്യംവെക്കാന്‍ പോലും കഴിഞ്ഞത്. ഒന്നിന് പുറകെ ഒന്നായി വരുന്ന ഓറഞ്ച് ആക്രമണങ്ങളെ പ്രതിരോധിക്കുക എന്ന പണി മാത്രമായിരുന്നു റുമാനായി ചെയ്തത്. ഇടക്ക് വല്ലപ്പോഴും നെതര്‍ലന്‍ഡ്സ് ബോക്സില്‍ പന്തെത്തിച്ചപ്പോഴാകട്ടെ അവര്‍ക്ക് ലക്ഷ്യത്തിലേക്ക് പന്തടിക്കാനുമായില്ല.

83-ാം മിനിറ്റ് വരെ ഒരു ഗോള്‍ ലീഡ് മാത്രമുണ്ടായിരുന്ന നെതര്‍ലന്‍ഡ്സിനെതിരെ റുമാനിയ സമനില ഗോള്‍ നേടുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നെങ്കിലും ഗാക്പോയുടെ അസിസ്റ്റില്‍ മാലന്‍ രണ്ടാം ഗോള്‍ നേടിയതോടെ നെതര്‍ലന്‍ഡ്സ് വിജയമുറപ്പിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമിലെ കൗണ്ട‍ർ അറ്റാക്കില്‍ സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി ഓടിക്കറിയ മാലന്‍ ഒറ്റക്ക് ഫിനിഷ് ചെയ്ത് നെതര്‍ലന്‍ഡ്സിന്‍റെ സ്കോര്‍ പട്ടിക തികച്ചു.

64-ാം മിനിറ്റില്‍ ഗാക്പോ റുമാനിയന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും വാര്‍ റിവ്യുവില്‍ ഓഫ് സൈഡായതോടെ നെതര്‍ലന്‍ഡ്സിന്‍റെ രണ്ടാം ഗോള്‍ നിഷേധിക്കപ്പെട്ടിരുന്നു. റുമാനിയന്‍ ഗോള്‍ കീപ്പര്‍ ഫ്ലോറിന്‍ നിതയുടെ മിന്നും സേവുകളാണ് തോല്‍വി മൂന്ന് ഗോളിലൊതുക്കിയത്. ബെല്‍ജിയവും യുക്രൈനും സ്ലൊവാക്യയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയതിന്‍റെ മികവ് പുറത്തെടുക്കാന്‍ നെതര്‍ലന്‍ഡ്സിന് മുന്നില്‍ റുമാനിയക്കായില്ല.

Leave a Reply

Your email address will not be published. Required fields are marked *