Your Image Description Your Image Description

കൊച്ചി: സ്കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം വേണോയെന്ന്​ സ്കൂൾ അധികൃതർക്ക്​ തീരുമാനിക്കാമെന്ന്​ ഹൈകോടതി. ഇക്കാര്യത്തിൽ തീരുമാനമെടുത്തശേഷം അത്​ നടപ്പാക്കാൻ സഹായം വേണമെങ്കിൽ സർക്കാർ അടക്കം എതിർകക്ഷികൾ അതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന്​ ജസ്റ്റിസ്​ എ.എ. സിയാദ്​ റഹ്​മാൻ നിർദേശിച്ചു.

സ്കൂളിൽ രാഷ്​ട്രീയപ്രവർത്തനം നിരോധിക്കുക, രാഷ്​ട്രീയം അടിസ്ഥാനമാക്കിയുള്ള സ്​കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​ തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച്​​ കണ്ണൂർ പട്ടാനൂർ കെ.പി.സി.എച്ച്​.എസ്​.എസ്​ പ്രിൻസിപ്പലും മാനേജറും നൽകിയ ഹരജിയിലാണ്​ ഉത്തരവ്​. തങ്ങളുടെ സ്​കൂളിൽ തെരഞ്ഞെടുപ്പിൻറെ പേരിൽ വിദ്യാർഥികൾ രാഷ്​ട്രീയ പ്രവർത്തനം നടത്തുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി.

സ്വതന്ത്ര രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ ഇവർ പ്രാപ്തരല്ല. തങ്ങളുടെ സ്കൂൾ വളപ്പിൽ രാഷ്ട്രീയപ്രവർത്തനം നടത്താനോ തെര​ഞ്ഞെടുപ്പ്​ നടത്താനോ അവകാശമില്ലെന്നും ഹരജിയിൽ പറയുന്നു. സ്കൂൾ രാഷ്ട്രീയം നിരോധിച്ചു കൊണ്ടുള്ള​ കോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടി.

സർക്കാറിന്​ പുറമെ വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ല വിദ്യാഭ്യാസ ഓഫിസർ തുടങ്ങിയവരെ എതിർകക്ഷിയാക്കിയാണ്​ ഹരജി​. ഇത്​ ഫയലിൽ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക്​ നോട്ടീസ്​ അയക്കാൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *