Your Image Description Your Image Description

തിരുവനന്തപുരം: ലോകമെമ്പാടുമുളള സർവകലാശാലകൾ പിന്തുടരുന്നത് 4 വർഷബിരുദമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്ന നിലയിലാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നതെന്നും അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഇല്ല എന്ന പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും മന്ത്രി ആർ ബിന്ദു ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ജൂലൈ ഒന്നിന് തുടക്കമായി. ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി സംസ്ഥാനത്തെ ക്യാമ്പസുകളിൽ ആഘോഷിക്കുമെന്ന് മന്ത്രി ബിന്ദു വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും താല്പര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ക്യാപ്‌സ്റ്റോൺ പ്രൊജക്റ്റ് ഉള്ള ഓണേഴ്സ് ബിരുദം നേടാനും റിസർച്ച് താല്പര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ ബിരുദ പ്രോഗ്രാം ഘടന. ഒന്നാം വർഷവും രണ്ടാം വർഷവും എക്സിറ്റ് ഓപ്ഷൻ ഉണ്ടാകില്ല. ഏകീകൃത അക്കാദമിക് കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് നാലുവർഷ ബിരുദ പരിപാടിയിൽ ക്ലാസ് ആരംഭിക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും തുടർ വിദ്യാഭ്യാസവുമടക്കം ഉൾക്കൊള്ളുന്ന സമഗ്ര പരിഷ്കരണമാണ് ഇത്.

ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർത്ഥിക്കും സ്വന്തം അഭിരുചികൾ അനുസരിച്ച് വിവിധ വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന രൂപകല്പന ചെയ്യാനാവും. വിദ്യാര്‍ത്ഥി നേടുന്ന ക്രെഡിറ്റുകൾ ലോകത്തെ പ്രധാനപ്പെട്ട ക്രെഡിറ്റ് ട്രാൻഫർ സംവിധാനങ്ങളായ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ സിസ്റ്റം (ECTS) ആയിട്ടും അമേരിക്കൻ ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനമായിട്ടും കൈമാറ്റം സാധ്യമാകും.

 

Leave a Reply

Your email address will not be published. Required fields are marked *