Your Image Description Your Image Description

പെരിന്തൽമണ്ണ: പരാതിക്ക് രസീത് നൽകാത്തതിനെതിരേ ഉദ്യോഗസ്ഥന് 1000 രൂപ പിഴ ചുമത്തി. പോലീസ്‌സ്റ്റേഷനിൽ നൽകിയ പരാതിക്ക് രസീത് നൽകാത്തതിനാണ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന (എസ്.എച്ച്.ഒ.) ഉദ്യോഗസ്ഥന് പിഴചുമത്താൻ മലപ്പുറം ജില്ലാ പോലീസ് മേധാവി തീരുമാനിച്ചത് . പെരിന്തൽമണ്ണ പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രേംജിത്തിനാണ് ആയിരം രൂപ പിഴചുമത്തിയത്. നിലവിൽ പ്രേംജിത്ത് കണ്ണൂർ നർക്കോട്ടിക് ഡിവൈ.എസ്.പി.യാണ് .

തുക ട്രഷറിയിൽ അടച്ച് രസീത് എസ്.പി. ഓഫീസിൽ ഹാജരാക്കണമെന്നും ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഉത്തരവിട്ടു. തിരൂർക്കാട് സ്വദേശി അനിൽ ചെന്ദ്രത്തിലാണ് പരാതിയുമായി എത്തിയത് . തന്റെ പരാതിക്ക് രസീത് നൽകാത്തതിനെതിരേ പെരിന്തൽമണ്ണ ഡിവൈ.എസ്.പി.ക്ക് ആദ്യം അപ്പീൽ നൽകിയിരുന്നു. ഇതു പരിഗണിക്കാത്തതിനെത്തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ രണ്ടാം അപ്പീലിലാണ് നടപടി എടുത്തത് .

2012-ൽ നിലവിൽവന്ന സേവനാവകാശ നിയമപ്രകാരം കേരളത്തിലെ ആദ്യ ശിക്ഷാനടപടിയാണിതെന്ന് അനിൽ പറഞ്ഞു. ആദ്യ അപ്പീൽ പരിഗണിക്കാതിരുന്ന ഡിവൈ.എസ്.പി.ക്കും പിഴ ചുമത്താത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അനിൽ അറിയിച്ചു. പോലീസ്‌സ്റ്റേഷനിൽ നൽകുന്ന എല്ലാ പരാതികൾക്കും അപേക്ഷകൾക്കും രസീത് നൽകണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെയും പൊതുഭരണ വകുപ്പിന്റെയും ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *