Your Image Description Your Image Description

ബക്രീദ് അല്ലെങ്കിൽ ഈദ്-ഉൽ-അദ്ഹ ത്യാഗത്തിന്റെ മാത്രമല്ല വിരുന്നിന്റെയും കൂടി ഉത്സവമാണ്. പെരുന്നാൾ ദിനത്തിൽ എല്ലാവരേയും സന്തോഷത്തിലും സ്‌നേഹത്താലും കീഴടക്കാൻ പലതരം വിഭവങ്ങൾ പാകം ചെയ്യുകയും വിളമ്പുകയും ചെയ്യുന്നു.

പെരുന്നാളിന്റെ ഒരു സ്‌പെഷ്യൽ ഐറ്റമാണ് ബിരിയാണി. അത് പലതരത്തിലുണ്ട്. ഈ പെരുന്നാളിന് നമുക്ക് ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കിയാലോ. . .

ബിരിയാണിയുടെ രാജാവ് ”കടൽ ബിരിയാണി”

ബിരിയാണി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. മിക്കവരുടെയും ഇഷ്ടഭക്ഷണ ലിസ്റ്റിൽ ബിരിയാണി ഉറപ്പായും ഉണ്ടാകും. ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, എഗ്ഗ് ബിരിയാണി, ബീഫ് ബിരിയാണി. ചെമ്മീൻ ബിരിയാണി എന്നിങ്ങനെ വിവിധതരം ബിരിയാണികൾ നമ്മൾ കഴിച്ചിട്ടുമുണ്ടാകും. എന്നാൽ കടൽ ബിരിയാണിയെക്കുറിച്ച് എത്രപ്പേർക്ക് അറിയാം. ബിരിയാണികളുടെ രാജാവാണ് ‘കടൽ ബിരിയാണി’. മസാലക്കൂട്ടും ചോറും ഇറച്ചിയും കൂടിച്ചേർന്ന ബിരിയാണി മണം മാത്രം മതി നാവിൽ വെള്ളമൂറാൻ. ഇത്തവണ പെരുന്നാളിന് കടൽ ബിരിയാണി ആയാലോ? എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം

കല്ലുമ്മക്കായ, ചെമ്മീൻ, കണവ (കൂന്തൾ) എന്നിവ നന്നായി വൃത്തിയാക്കി വയ്ക്കുക. അടുത്തതായി കുറച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ബിരിയാണി അരി കുറച്ച് ഉപ്പ് ചേർത്ത് വേവുന്നതിനായി വയ്ക്കുക. ഇതിലേയ്ക്ക് പകുതി നാരങ്ങയുടെ നീര് ചേർക്കണം. ശേഷം ചീനച്ചട്ടി അടുപ്പത്ത് വച്ച് കുറച്ച് നെയ്യ് ഒഴിച്ച് ഏലയ്ക്ക, ഗ്രാംപൂ, കറുവാപ്പട്ട, തക്കോലം എന്നിവ ഇട്ട് നന്നായി ചൂടാക്കിയെടുക്കണം. ഇതിലേയ്ക്ക് ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ചേർത്തുകൊടുക്കാം. ഇത് ബ്രൗൺ നിറമാകുമ്പോൾ കൊച്ചുള്ളി ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കണം.

അടുത്തതായി കുറച്ച് ഗരംമസാല, കുരുമുളക് പൊടി, ചേർത്ത് നന്നായി ഇളക്കിയതിന് ശേഷം കൂന്തൾ ചെറുതായി അരിഞ്ഞത് ചേർത്ത് മീനിന്റെ വേവിന് അനുസരിച്ചുള്ള വെള്ളവും ചേർക്കണം. ഇതിലേയ്ക്ക് വേവിച്ചുവച്ചിരിക്കുന്ന ബിരിയാണി അരി ചേർത്തുകൊടുക്കാം. അരിയ്ക്ക് മുകളിലായി കല്ലുമ്മക്കായ വിതറികൊടുക്കാം. ഇതിനും മുകളിലായിട്ടാണ് ചെമ്മീൻ വയ്ക്കേണ്ടത്. അവസാനമായി മല്ലിയില, പുതിനയില എന്നിവ ചെറുതായി അരിഞ്ഞ് വിതറികൊടുക്കാം. കുറച്ച് പച്ചമുളക് അരിഞ്ഞതും മുകളിലായി ചേർത്തശേഷം ചെറുതീയിൽ ഇരുപത് മിനിട്ട് അടച്ചുവച്ച് വേവിക്കണം. നന്നായി വെന്തുകഴിഞ്ഞാൽ കടൽ ബിരിയാണി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *