Your Image Description Your Image Description

 

മ്യൂണിക്: യൂറോ കപ്പിൽ പകരക്കാരനായി ഇറങ്ങി നെതർലൻഡ്സിൻറെ രക്ഷകനായി വീണ്ടും വൗട്ട് വെഗോർസ്റ്റ്. പോളണ്ടിനെതിരായ ആവേശപ്പോരാട്ടത്തിൽ 83-ാം മിനിറ്റിൽ വെഗോർസ്റ്റ് നേടിയ ഗോളിൽ പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി നെതർലൻഡ്സ് വിജയത്തുടക്കമിട്ടു. ആദ്യ പകുതിയിൽ ആദം ബുക്സയുടെ ഗോളിൽ മുന്നിലെത്തി നെതർലൻഡ്സിനെ ഞെട്ടിച്ച പോളണ്ടിനെ കോഡി ഗാക്പോയുടെ ഗോളിലാണ് നെതർലൻഡ്സ് സമനിലയിൽ പിടിച്ചത്.

കളിയുടെ തുടക്കത്തിൽ ഒട്ടേറെ അവസരങ്ങൾ ഒരുക്കിയെടുത്തത് നെതർലൻഡ്സായിരുന്നു.എന്നാൽ കളിയുടെ ഗതിക്ക് എതിരായി പതിനാറാം മിനിറ്റിൽ സെലെൻസ്കിയുടെ ഇൻസ്വിഗിംഗ് കോർണറിൽ നിന്ന് ആദം ബുക്സ പോളണ്ടിനെ മുന്നിലെത്തിച്ചപ്പോൾ നെതർലൻഡ്സ് ഞെട്ടി. ഗോളടിച്ചതിൻറെ ആവേശത്തിൽ പിന്നീട് ആക്രമിച്ചു കളിച്ചത് പോളണ്ടായിരുന്നു. ഗോളടിച്ചതിന് പിന്നാലെ ലീഡുയർത്താൻ പോളണ്ടിന് വീണ്ടും സുവർണാവസരം ലഭിച്ചു. സെലൻസ്കിയുടെ ഷോട്ട് പക്ഷെ നെതർലൻഡ്സ് നായകൻ വിർജിൽ വാൻ ഡിക്ക് രക്ഷപ്പെടുത്തി.

എന്നാൽ 29-ാം മിറ്റിൽ കോഡി ഗാക്പോയുടെ ഷോട്ട് ഡിഫ്ലക്ട് ചെയ്ത് പോളണ്ട് വലയിലെത്തിയപ്പോൾ ഗോൾ കീപ്പർ വോജിയെക്ക് സെസ്നിക്ക് കാഴ്ചക്കാരനാകാനെ കഴിഞ്ഞുള്ളു. സമനില ഗോളിൻറെ ആവേശത്തിൽ പിന്നീട് നെതർലൻഡ്സ് ആക്രമണങ്ങൾ നെയ്തെങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഗോളൊഴിഞ്ഞു നിന്നു.മത്സരത്തിലാകെ 21 ഷോട്ടുകളാണ് നെതർലൻഡ്സ് പോളണ്ട് പോസ്റ്റിലേക്ക് പായിച്ചത്. ഒടുവിൽ 81-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ വെർഗോസ്റ്റ് ഒരിക്കൽ കൂടി നെതർലൻഡ്സിൻറെ രക്ഷക്കെത്തി.

83-ാം മിനിറ്റിൽ ഗോൾ നേടിയ വെർഗോസ്റ്റ് നെതർലൻഡ്സിന് നിർണായക ലീഡ് സമ്മാനിച്ചു. പിന്നാലെ സമനില ഗോളിനായി പോളണ്ട് ആക്രമണം കനപ്പിച്ചു. ഇഞ്ചുറി ടൈമിൽ പോളണ്ട് താരം സ്വിഡെർസ്കിയും പെട്രോവ്സ്കിയും ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ആദ്യ പകുതിയിൽ സമനില ഗോൾ നേടുകയും അഞ്ച് ഷോട്ടുകൾ പോസ്റ്റിലേക്ക് പായിക്കുകയും ചെയ്ത ക്ലോഡി ഗാക്പോ മൂന്ന് നിർണായക പാസുകൾ നൽകി നെതർലൻഡ്സിൻറെ വിജയശിൽപിയായി.

Leave a Reply

Your email address will not be published. Required fields are marked *