Your Image Description Your Image Description

 

പറവൂർ: തെരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്പരവിരുദ്ധമാണെന്നും സി.പി.എം പോകുന്നത് വലിയൊരു പൊട്ടിത്തെറിയിലേക്കെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജീർണതയാണ് സി.പി.എം നേരിടുന്നത്. പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യൽ മീഡിയ സംവിധാനമാണ്. ചെങ്കതിരും പൊൻകരുമൊക്കെ മറ്റു രണ്ടു പേരുടേതാണ്. ഇപ്പോൾ ഇവരൊക്കെ തമ്മിൽ പോരാടാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഞങ്ങളെയൊക്കെ ഇവർ എത്ര അപമാനിച്ചതാണ്. ഇപ്പോൾ അവർ തമ്മിൽ അടിക്കുകയാണ്. അത് ഞങ്ങൾ നോക്കി നിൽക്കുകയാണ്. അത് അവരുടെ ആഭ്യന്തരകാര്യമാണ്. പക്ഷെ കോൺഗ്രസിനെ മാത്രം നിരീക്ഷിക്കുന്ന ചില മാധ്യമങ്ങളെങ്കിലും കുറച്ചു നേരം സി.പി.എമ്മിൽ സംഭവിക്കുന്നത് നോക്കണം. പൊട്ടിത്തെറിക്കുന്നതിന് മുൻപ് തന്നെ അതേക്കുറിച്ച് റിപ്പോർട്ട് ചെയ്താൽ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സി.പി.എമ്മിലുണ്ടാകും. സി.പി.എം സെക്രട്ടറിയും മുഖ്യമന്ത്രിയും തോൽവിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമാണ്.

എന്നിട്ടും മാധ്യമങ്ങൾ കാണാതെ പോയത് എന്തുകൊണ്ടാണ്. എ വി ഗോവിന്ദനും പിണറായി വിജയനും ഇരു ധ്രുവങ്ങളിൽ നിന്നാണ് സംസാരിച്ചത്. സർക്കാരിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നാണ് സി പി എം ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാർട്ടി ഗ്രാമങ്ങളിലും വോട്ടുകൾ അടപടലം ഒഴുകിപ്പോയി. പയ്യന്നൂരിലെ 26 വോട്ട് മാത്രം ഉണ്ടായിരുന്ന ബൂത്തിൽ യു.ഡി.എഫ് ഇത്തവണ ലീഡ് ചെയ്തു. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു.

ബംഗാളിൽ അധികാരത്തിന്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വർഷമായി തുടർഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തിൽ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിന്. സാധാരണക്കാർ കഷ്ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണ്.

തൃശൂരിൽ ഡി.സി.സി ചുമതല ജില്ലയ്ക്ക് പുറത്തുള്ള ആൾക്ക് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി ഉപസമതി രൂപീകരിച്ചിട്ടുണ്ട്. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. രണ്ടു സീറ്റുകളിലെയും സ്ഥാനാർത്ഥികളെ ആദ്യം പ്രഖ്യാപിക്കുന്നത് യു.ഡി.എഫായിരിക്കുന്നു. സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന് കോൺഗ്രസിൽ ഒരു രീതിയുണ്ട്.

ഇന്ധനത്തിന് കേളത്തിലുള്ള അത്രയും നികുതി കർണാടകത്തിലില്ല. നികുതി കൂട്ടിയാൽ ഇന്ധന ഉപഭോഗം കുറയുമെന്നും വരുമാന നഷ്ടമുണ്ടാക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതിപ്പോൾ കേരളത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. പുനർജ്ജനി പദ്ധതിയുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പുനർജ്ജനി ഭവന നിർമ്മാണ പദ്ധതി മാത്രമല്ല. ആരോഗ്യ, വിദ്യാഭ്യാസ പരിപാടികളുമുണ്ട്. ശ്രവണോപകരണങ്ങളും നൽകുന്നുണ്ട്. ഈ വർഷം മൂന്നു പേർക്ക് നൽകി. മറ്റൊരു കുട്ടിക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്താനുള്ള പദ്ധതി തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ വർഷം കൂടുതൽ വീടുകൾ നിർമ്മിക്കും. സർക്കാരിന്റെ ലൈഫ് പദ്ധതി വഴിയിലായ സാഹചര്യത്തിൽ വീടുകൾക്ക് ആവശ്യക്കാർ ഏറെയാണ്. കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് പദ്ധതി മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 455000 വീടുകൾ വച്ചപ്പോൾ ഈ സർക്കാർ എട്ടു വർഷം കൊണ്ട് മൂന്ന് ലക്ഷത്തോളം വീടുകൾ മാത്രമാണ് വച്ചത്. അതുകൊണ്ടു തന്നെയാണ് ആവശ്യക്കാരുടെ എണ്ണം വർധിച്ചതും. പുനർജ്ജനിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടന്നിട്ടില്ല.

കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് വിജിലൻസ് സംഘം അന്വേഷിച്ച് പരാതി മടക്കിയതാണ്. പ്രോസിക്യൂഷൻ അനുമതി തേടിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞ് സ്പീക്കർ തള്ളി. ഇതിനു പിന്നാലെ ഹൈക്കോടതി സിംഗിൾ ബഞ്ചിനും ഡിവിഷൻ ബെഞ്ചിനും നൽകിയ പരാതികൾ നോട്ടീസ് പോലും അയയ്ക്കാതെ അഡ്മിഷൻ സ്‌റ്റേജിൽ തന്നെ തള്ളിക്കളഞ്ഞു.

പിന്നീട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉയർന്നപ്പോഴാണ് ക്യുക്ക് വെരിഫിക്കേഷന് ഒരു വർഷം മുൻപ് നിർദ്ദേശം നൽകിയത്. എന്നിട്ട് ഇതുവരെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല. പുനർജ്ജനിയിൽ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡമുണ്ട്. സ്‌പോൺസേഴ്‌സിന് നേരിട്ടും കോൺട്രാക്ടർമാരെ ഏൽപ്പിച്ചും വീടുകൾ നിർമ്മിക്കാം. അർഹത മാത്രമാണ് മാനദണ്ഡം എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *