Your Image Description Your Image Description

 

ടെക്സാസ്: ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ കാനഡയെ നേരിടാനിറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിൽ അവസരം കിട്ടുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു.

ആദ്യ മൂന്ന് കളികളിലും പ്ലേയിംഗ് ഇലവനിൽ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യ കളിച്ചത്. ഓപ്പണിംഗിൽ വിരാട് കോലി-രോഹിത് ശർമ സഖ്യം തിളങ്ങിയില്ലെങ്കിലും വരും മത്സരങ്ങളിലും ഇരുവരും തുടരുന്നതാണ് നല്ലതെന്ന് മുൻ ഇന്ത്യൻ പേസറായ എസ് ശ്രീശാന്ത് പറഞ്ഞു. വലം കൈ-ഇടം കൈ ഓപ്പണർമാരാണ് വേണ്ടതെന്നായിരുന്നു തൻറെ ആദ്യ നിലപാടെങ്കിലും രോഹിത്തും കോലിയും തമ്മിലുള്ള സാഹോദര്യം കാണുമ്പോൾ ഇരുവരും തന്നെ തുടരുന്നതാണ് നല്ലതെന്നാണ് എൻറെ അഭിപ്രായം. 2022ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കോലി വിജയം സമ്മാനിച്ചപ്പോൾ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ രോഹിത് കോലിയെ എടുത്തുയർത്തിയ ദൃശ്യം ഇപ്പോഴും മറക്കാനാവില്ല. ഇരുവരും ചേർന്ന് മികച്ച സ്ട്രൈക്ക് റേറ്റിൽ 100 റൺസ് കൂട്ടുകെട്ടുയർത്തുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്.

മധ്യനിരയിൽ ശിവം ദുബെയെ സ്പെഷലിസ്റ്റ് ബാറ്ററായി കളിപ്പിക്കുകയാണെങ്കിൽ അതിനെക്കാൾ നല്ലത് മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കുന്നതാണെന്നും ശ്രീശാന്ത് പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ സഞ്ജുവിനാവും. തുടക്കത്തിൽ മൂന്നോ നാലോ വിക്കറ്റ് പോയാൽ നങ്കൂരമിട്ട് കളിച്ച് ഹാർദ്ദിക്കിനും ജഡേജക്കുമൊപ്പം ഫിനിഷ് ചെയ്യാൻ സഞ്ജുവിനാവും. അടിച്ചു തകർക്കേണ്ട ഘട്ടത്തിൽ ആദ്യ പന്തുമുതൽ തകർത്തടിക്കാനും സഞ്ജുവിനാവുമെന്നും ശ്രീശാന്ത് പറഞ്ഞു. ആദ്യ രണ്ട് കളികളിലും നിരാശപ്പെടുത്തിയ ശിവം ദുബെ അമേരിക്കക്കെതിരായ കഴിഞ്ഞ മത്സരത്തിൽ 35 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നിരുന്നു. അമേരിക്കക്കെതിരെ ഒരോവർ മാത്രം പന്തെറിഞ്ഞ ദുബെ 11 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *