Your Image Description Your Image Description

 

ന്യൂയോർക്ക്: ടി20 ലോകകപ്പിൽ പാകിസ്ഥാൻ സൂപ്പർ 8ൽ എത്താതെ പുറത്തായതിന് പിന്നാലെ ടീമിനകത്തെ ഗ്രൂപ്പുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ ഷഹീൻ അഫ്രീദി അസ്വസ്ഥനായിരുന്നുവെന്നും ഷഹീനെ മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുന്നതിന് മുമ്പ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ മുഹമ്മദ് റിസ്‌വാന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ പാകിസ്ഥാൻ ടീമിൽ സീനിയർ താരങ്ങളായ ബാബറിൻറെയും ഷഹീനിൻറെയും റിസ്‌വാൻറെയും നേതൃത്വത്തിൽ മൂന്ന് ഗ്രൂപ്പുകളുണ്ടെന്നും ടീമിനോട് അടുത്തവൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

മുഹമ്മദ് ആമിറിനെയും ഇമാദ് വാസിമിനെയും ടീമിലേക്ക് തിരിച്ചുവിളിച്ചത് ടീം അംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ദീർഘാലമായി ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത ഇരുവരിൽ നിന്നും മികച്ച പ്രകടനം ഉണ്ടാവാതിരുന്നത് ബാബറിനെ പ്രശ്നത്തിലാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ടീമിലെ പല കളിക്കാരും പരസ്പരം സംസാരിക്കുക പോലുമില്ലെന്നും ചിലർ ഗ്രൂപ്പ് നേതാക്കളായാണ് പെരുമാറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ടീമിനകത്തെ പടലപ്പിണക്കത്തെക്കുറിച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും ദേശീയ സെലക്ടറായ വഹാബ് റിയാസ് ഇക്കാര്യങ്ങളെല്ലാം നഖ്‌വിയെ ധരിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പിന് മുമ്പ് ടീം അംഗങ്ങളുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ നഖ്‌വി പരസ്പരം ഉള്ള പ്രശ്നങ്ങളെല്ലാം മാറ്റിവെച്ച് ലോകകപ്പിൽ മാത്രം ശ്രദ്ധിക്കണമെന്ന് കളിക്കാരോട് അഭ്യർത്ഥിച്ചിരുന്നു. ലോകകപ്പ് നേടിയാൽ ടീമിലെ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്നും അദ്ദേഹം കളിക്കാരോട് പറഞ്ഞിരുന്നു. എന്നാൽ അമേരിക്കക്കെതിരായ ആദ്യ മത്സരത്തിലെ തോൽവി പാകിസ്ഥാൻറെ പദ്ധതികളാകെ തകിടം മറിക്കുകയായിരുന്നു.

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയോട് സൂപ്പർ ഓവറിൽ തോറ്റ പാകിസ്ഥാൻ രണ്ടാം മത്സരത്തിൽ ഇന്ത്യയോട് തോറ്റിരുന്നു. മൂന്നാം മത്സരത്തിൽ കാനഡയെ തോൽപ്പിച്ചെങ്കിലും പാകിസ്ഥാനെയും കാനഡയെയും തോൽപ്പിക്കുകയും അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ അമേരിക്ക സൂപ്പർ 8ൽ എത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *