Your Image Description Your Image Description

 

ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‍കൂട്ടേഴ്സ് ഇന്ത്യ 15 വർഷത്തിനകം പരമ്പരാഗത ഇൻ്റേണൽ കംബസ്ഷൻ എഞ്ചിനുകളിൽ (ഐസിഇ) പ്രവർത്തിക്കുന്ന സ്‍കൂട്ടറുകളുടെയും ബൈക്കുകളുടെയും നിർമ്മാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2040-ഓടെ ഇൻ്റേണൽ കംബസ്ഷൻ എഞ്ചിനുകൾ (ഐസിഇ) നൽകുന്ന എല്ലാ സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിൽക്കുന്നത് നിർത്താൻ ഹോണ്ട മോട്ടോർ സൈക്കിൾസ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ബൈക്ക് വെയ്‍ൽ റിപ്പോർട്ട് ചെയ്യുന്നു. 2040 മുതൽ ഹോണ്ട ഹരിത ഊർജ്ജ സ്രോതസുകളിൽ നിന്നുള്ള വാഹനങ്ങൾ മാത്രമേ പുറത്തിറക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.

ഇത് ആദ്യമായാണ് ജാപ്പനീസ് ബ്രാൻഡ് ഹരിത വാഹനങ്ങളിലേക്കും മാറുന്നതിന് ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കുന്നത്. 2025 ഓടെ മോട്ടോർ സൈക്കിളുകൾ ഉൾപ്പെടെ മൊത്തം 10 ഇലക്ട്രിക് വാഹനങ്ങൾ (ഇവി) പുറത്തിറക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. 2026-ഓടെ പ്രതിവർഷം ഒരു ദശലക്ഷം ഇവികൾ വിൽക്കാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 2030-ഓടെ, ഈ എണ്ണം പ്രതിവർഷം 3.5 ദശലക്ഷം യൂണിറ്റായി ഉയർത്താനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. ഇത് മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ 15 ശതമാനം വരും.

സമീപ വർഷങ്ങളിൽ, വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കുന്നതിലും അവയുടെ വളർച്ചയ്ക്ക് സഹായകമായ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിലും ഹോണ്ട ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹോണ്ട സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിൽ പ്രവർത്തിക്കുന്നുണ്ട്. ബാറ്ററി എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കായി പുതിയ പങ്കാളിത്തം രൂപീകരിക്കുകയും പുതിയ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ, ഹോണ്ട ഇതുവരെ ഒരു ഇലക്ട്രിക് സ്കൂട്ടറോ മോട്ടോർസൈക്കിളോ പുറത്തിറക്കിയിട്ടില്ല. എന്നാൽ വരും മാസങ്ങളിൽ ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് ഹോണ്ട ആക്ടിവ ഉടൻ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ നേരത്തേ വന്നിരുന്നു. ഇലക്ട്രിക്ക് ആക്ടിവ ലോഞ്ച് ചെയ്‍താൽ നിലവിലുള്ള ഇവി ബ്രാൻഡുകളായ ഒല, ആതർ തുടങ്ങിയ മോഡലുകൾക്ക് കനത്ത വെല്ലുവിളിയായേക്കും.

2040 ഓടെ ഓൾ-ഇലക്‌ട്രിക് ആകാനുള്ള ഹോണ്ടയുടെ പ്രതിബദ്ധത, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത പരിഹാരങ്ങളിലേക്കുള്ള ഓട്ടോമോട്ടീവ് വ്യവസായത്തിലെ ഗണ്യമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ശുദ്ധമായ ഊർജ്ജ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള വിപുലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *