Your Image Description Your Image Description

കോഴിക്കോട്: ചെറുവണ്ണൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ ഇടിച്ച് തെറിപ്പിച്ച സ്വകാര്യ ബസിൻ്റെ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിൻ്റേതാണ് നടപടി. അപകടത്തിൽ പരിക്കേറ്റ ഫാത്തിമ റിന അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ചെറുവണ്ണൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്. കോഴിക്കോട് മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന പാസ് എന്ന സ്വകാര്യ ബസാണ് ഫാത്തിമ റിനയെന്ന 18കാരിയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിൻ്റെ ഇരുഭാഗത്തേയ്ക്കും നോക്കി വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം സീബ്രാ ലൈനിലൂടെ നടന്ന ഫാത്തിമയ്ക്ക് നേരെ ബസ് അമിത വേഗത്തിൽ പാഞ്ഞെത്തി ഇടിക്കുകയായിരുന്നു.

ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം നടന്നതെന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഫാത്തിമയുടെ ശരീരത്തിനു തൊട്ടടുത്തായാണ് ബസ് നിന്നത്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ കാര്യമായ പരിക്കുകൾ കണ്ടെത്തിയില്ലെങ്കിലും ശരീരത്തിൽ കടുത്ത വേദനയുണ്ട്. അപകടത്തിന് ശേഷം ബസ് ജീവനക്കാരോ ഉടമയോ തിരിഞ്ഞു നോക്കിയില്ലെന്ന് ഫാത്തിമയുടെ വീട്ടുകാർ പറഞ്ഞു.

അപകടത്തിൻ്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതോടെ മോട്ടോർ വാഹന വകുപ്പും പോലീസും നടപടിയുമായി രംഗത്തെത്തുകയായിരുന്നു. ബസ് ഡ്രൈവർ എടക്കര സ്വദേശി പി സൽമാൻ്റെ ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്ക് എതിരെ നല്ലളം പോലിസ് കേസെടുത്തിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *