Your Image Description Your Image Description

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മണിക്ക് നോമിനേഷൻ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു. രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പരാമർശിച്ചു.

എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീംകോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡൽഹി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീനർ, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയാണ്. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ഡൽഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകള്‍ നടത്തി ശ്രദ്ധേയമായി. ഡൽഹി കേന്ദ്രീകരിച്ചു പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതില്‍ ഹാരിസ് ബീരാന് നല്ല പങ്കുണ്ട്. പുതുതായി ദില്ലിയില്‍ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ മേല്‍നോട്ടം വഹിക്കുന്നതും ഹാരിസ് ബീരാനാണ്.

പൗരത്വ വിവേചന കേസ്സിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, ജേർണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ സുപ്രീം കോടയില്‍ വാദിച്ച് ശ്രദ്ധനേടി. യുപിഎ സര്‍ക്കാര്‍ സമയത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.

കളമശ്ശേരി രാജഗിരി സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും, എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. 1998ല്‍ ദില്ലിയില്‍ അഭിഭാഷകനായി. സുപ്രീംകോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വികെ. ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലെ മുന്‍ പ്രൊഫസര്‍ ടികെ സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്‍, അര്‍മാന്‍.

Leave a Reply

Your email address will not be published. Required fields are marked *