Your Image Description Your Image Description

കൊച്ചി: ഹണിട്രാപ്പില്‍പ്പെടുത്തി യുവാവിനെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസില്‍ കൊച്ചിയില്‍ യുവതി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍. ജസ്‍ലിന്‍, സല്‍മാന്‍ ഫാരിസ്, അഭിജിത്ത് കെ ലോകേഷ് എന്നിവരെയാണ് ഏലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലെ അസഭ്യ സന്ദേശത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ അപഹരിച്ചെന്ന പരാതിയുമായി തൊടുപുഴക്കാരനായ അക്ഷയ് ആണ് പൊലീസിനെ സമീപിച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുള്ള നിലമ്പൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ്, ചെങ്ങന്നൂരുകാരി ജസ്‍ലിനും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. പണമെത്തിയ ബാങ്ക് അക്കൗണ്ട് ഉടമ അഭിജിത്ത്, കെ ലോകേഷ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…

സിനിമാ റിവ്യൂവിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആറാട്ടണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെ കഴിഞ്ഞയാഴ്ച ലുലുമാളിലെ മെട്രോ ഇടനാഴിയില്‍ വച്ച് സല്‍മാനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതില്‍ പരാതിയുമായി സന്തോഷ് വര്‍ക്കി പൊലീസിനെ സമീപിച്ചു. പിന്നാലെ സല്‍മാനും ജസ്‍ലിനുമടക്കമുള്ളവര്‍ സന്തോഷ് വര്‍ക്കിക്കെതിരെ സ്ത്രീകളെ അപമാനിച്ചെന്ന് മറിച്ചും പരാതി നല്‍കി.മര്‍ദ്ദനത്തിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ സന്തോഷ് വര്‍ക്കിയെ അനുകൂലിച്ച് ജസ്‍ലിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ കോട്ടയത്ത് പഠിക്കുന്ന തൊടുപുഴ സ്വദേശി അക്ഷയ് മോന്‍സി അസഭ്യ സന്ദേശം അയച്ചു. ഇതില്‍ പ്രകോപിതരായ സല്‍മാനും ജസ്‍ലിനും സമൂഹമാധ്യമങ്ങള്‍ വഴി അക്ഷയ് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ കേസില്‍ ഉള്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. പിന്നാലെ അക്ഷയുടെ ബന്ധുക്കളെയടക്കം ബ്ലാക്ക് മെയില്‍ ചെയ്തു. അക്ഷയിയുടെ ബന്ധുവിന്‍റെയും സുഹൃത്തിന്‍റെയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തി. അഭിജിത്തിന്‍റെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. വീണ്ടും കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് അക്ഷയ് പൊലീസിനെ സമീപിച്ചത്. പിന്നാലെ സല്‍മാനെയും, ജസ്‍ലിനെയും, അഭിജിത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *