Your Image Description Your Image Description

ബെംഗളുരു: രാജ്യത്തെ ഞെട്ടിയ ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിനും വിവാദത്തിനും പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുന്നിന്ന എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘമാണ് ബെംഗളുരു വിമാനത്താവളത്തിൽ വച്ചുതന്നെ കസ്റ്റഡിയിലെടുത്തത്.പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.

പ്രജ്വൽ രേവണ്ണ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 764 അർധരാത്രി ഏകദേശം 12.50 ഓടെയാണ് ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. മ്യൂണികിൽ നിന്ന് പുറപ്പെട്ടത് വൈകിട്ട് 4.30 ന് തിരിച്ച വിമാനം 8 മണിക്കൂർ 43 മിനിറ്റ് യാത്രാസമയം എടുത്താണ് ബെംഗളൂരുവിലെത്തിയത്. 34 ദിവസം ഒളിവിൽ കഴിഞ്ഞ പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പാലസ് റോഡിലെ സി ഐ ഡി ഓഫിസിലെത്തിച്ച പ്രതിയുടെ മെഡിക്കൽ പരിശോധന രാത്രി തന്നെ നടത്താനായി ആംബുലൻസടക്കം റെഡിയാക്കി നിർത്തിയിരുന്നു.

ആശയക്കുഴപ്പങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് ലൈംഗികാതിക്രമക്കേസുകളിലെ പ്രതിയായ എൻ ഡി എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ മടങ്ങിയെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് ജർമനിയിലെ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ പ്രജ്വൽ രേവണ്ണ ബോർഡ് ചെയ്തെന്ന് പ്രത്യേകാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. മ്യൂണിക്കിൽ നിന്ന് DLH 764 എന്ന വിമാനത്തിലെ ബിസിനസ് ക്ലാസിൽ ബോർഡ് ചെയ്തെന്ന വിവരം അന്വേഷണസംഘത്തിന് കിട്ടിയത് വൈകിട്ട് 4 മണിയോടെയാണ്. ഇതോടെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാം ടെർമിനലിലെത്തിയി. പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് സി ഐ ഡി ഓഫീസിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം പ്രജ്വലിന്‍റെ ജാമ്യാപേക്ഷ ഇന്ന് ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *