Your Image Description Your Image Description

നാഗ്പുര്‍:ആര്‍എസ്എസിനും ബിജെപിക്കുമെതിരായ പോരാട്ടത്തില്‍ ആരേയും ഭയപ്പെടരുതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വിജയം കോണ്‍ഗ്രസിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് നാഗ്പുരില്‍ കോണ്‍ഗ്രസിന്റെ മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. നാഗ്പുരിലെ ദിഗോരിയിലെ ആസാദ് മൈതാനത്ത് വ്യാഴാഴ്ച നടക്കുന്ന റാലിയെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരും അഭിസംബോധന ചെയ്യുന്നുണ്ട്.

എന്‍.ഡി.എയിലും ഇന്ത്യ സംഖ്യത്തിലും നിരവധി പാര്‍ട്ടികളുണ്ടെങ്കിലും രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കാനിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപകദിനത്തോടനുബന്ധിച്ചാണ് നാഗ്പുരിലെ റാലി.

ബി.ജെ.പിയില്‍ ഏകാധിപത്യമാണുള്ളത്. പ്രധാനമന്ത്രി ആരേയും കേള്‍ക്കാന്‍ തയ്യാറല്ല. നിയമം ബാധകമല്ലാത്ത രാജാവ് പറയുന്നത് പ്രജകള്‍ അനുസരിക്കണം എന്ന സ്ഥിതിയാണുള്ളത്. ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്ഥമായി കോണ്‍ഗ്രസില്‍ ചെറിയ പ്രവര്‍ത്തകനുപോലും പാര്‍ട്ടിയിലെ നേതാക്കളെ വിമര്‍ശിക്കാനുള്ള അവസരമുണ്ട്. ബി.ജെ.പിയില്‍ അടിമത്തമാണുള്ളത് എന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബി.ജെ.പി എം.പിയുമായ വ്യക്തി തന്നോട് പറഞ്ഞതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും ബി.ജെ.പി പിടിമുറുക്കിയെന്നും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അവര്‍ ഒരു പ്രത്യേക സംഘടനയുടെ ഭാഗമായതിനാലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്നും രാഹുല്‍ ആരോപിച്ചു.

പാര്‍ലിമെന്ററി ജനാധിപത്യത്തിലും സമത്വത്തിലും അധിഷ്ടിതമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനാണ് കോണ്‍ഗ്രസ് എപ്പോഴും പ്രയത്‌നിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നാഗ്പുരിലെ പാര്‍ട്ടി ആസ്ഥാനത്ത് അദ്ദേഹം പതാക ഉയര്‍ത്തി.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ.ശിവകുമാര്‍ എന്നിവര്‍ കോണ്‍ഗ്രസിനെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന് റാലിയില്‍ ആഹ്വാനം ചെയ്തു. ബിജെപിയുടെ സേച്ഛാധിപത്യം അവസാനിപ്പിക്കുകയാണ് റാലിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *