Your Image Description Your Image Description

പാലക്കാട്: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. വടക്കൻ പറവൂർ മന്നം ചോപുള്ളി വീട്ടിൽ സദാനന്ദൻ (58), തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽ വീട്ടിൽ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. സദാനന്ദന് 19 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഷീജയ്ക്ക് 9 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഷീജയുടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളായ സ്വാമിനാഥനെയും പ്രേമകുമാരിയെയുമാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സദാനന്ദനുമായുള്ള ഷീജയുടെ ബന്ധം ഭ‍ര്‍ത്താവ് അറിയുമെന്ന ഭീതിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സദാനന്ദനെ വീട്ടിൽ കാര്യസ്ഥനായി നിര്‍ത്താനും ഭര്‍തൃ വീട്ടുകാരുടെ സ്വത്തുക്കൾ തട്ടിയെടുക്കാനും വേണ്ടിയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് കുറ്റപത്രത്തിൽ ആരോപിച്ചത്.

2017 സെപ്തംബര്‍ 13 ന് രാത്രി 12 മണിക്കും പുലര്‍ച്ചെ നാലിനും ഇടയിലായിരുന്നു കൃത്യം നടത്തിയത്. സ്വാമിനാഥനും പ്രേമകുമാരിയും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം സദാനന്ദനെ അടുക്കള വാതിൽ വഴി വീട്ടിനകത്തേക്ക് കയറ്റിയ ഷീജ പിന്നീട് വീട്ടിലെ വെട്ടുകത്തി പ്രതിക്ക് നൽകുകയായിരുന്നു. ഈ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയുമാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വീടിനകത്ത് സ്വാമിനാഥൻ സൂക്ഷിച്ചിരുന്ന 23,000 രൂപയും, പ്രേമകുമാരിയുടെ 28 ഗ്രാം തൂക്കം വരുന്ന സ്വർണമാലയും, 26 ഗ്രാം തൂക്കം വരുന്ന 3 സ്വർണ്ണ വളകളും ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചു.

കേസന്വേഷണം വഴിതെറ്റിക്കുന്നതിനായി ഷീജ തന്റെ സ്വര്‍ണാഭരണങ്ങളും സദാനന്ദന് ഊരിക്കൊടുത്തിരുന്നു. പിന്നീട് വീട്ടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ വാരി തറയിലിട്ട് അലങ്കോലമാക്കി. വീടിനുള്ളിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറി. കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കിണറ്റിൽ എറിഞ്ഞു. ഷീജയുടെ കൈയ്യും കാലും ബന്ധിച്ച ശേഷം സദാനന്ദൻ ഇവിടെ നിന്ന് കടന്നു. പിന്നീട് മൂന്ന് പേര്‍ തന്നെ ബലാത്സംഗം ചെയ്തെന്നും ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയെന്നും ആരോപിച്ച് ഷീജ തന്നെയാണ് രംഗത്ത് വന്നത്.

എന്നാൽ വൈദ്യ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ ഷീജയിലേക്ക് തന്നെ സംശയം നീണ്ടു. ഷീജയും സദാനന്ദനും തമ്മിലെ ബന്ധം നാട്ടിലറിയാവുന്നവര്‍ പൊലീസിനോട് ഇത് പറഞ്ഞു. അന്നത്തെ കുഴൽമന്ദം സിഐ എഎം സിദ്ദിഖാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ നസീർ അലി, വിജയമണി, പ്രമോദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. കേസിൽ പ്രൊസിക്യൂഷന് വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കൈനാട്ട്, നിലവിലെ പബ്ലിക് പ്രോസിക്യൂട്ടർ പി അനിൽ എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 59 സാക്ഷികളെ വിസ്തരിച്ചു. 175 രേഖകൾ സമർപ്പിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ നസീർ അലി, വിനോദ് എന്നിവർ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശാനുസരണം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *