Your Image Description Your Image Description

കോട്ടയം: ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുളള ജില്ലാ കളക്ടറുടെ ഉത്തരവുമായി ഓഫീസുകൾ കയറിയിറങ്ങി ഒടുവില്‍ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയിരിക്കുകയാണ് കോട്ടയത്തെ ഒരു കുടുംബം. ഈ കുടുംബത്തിന്‍റെ ദുരവസ്ഥ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും വർഷങ്ങൾ കഴിയുമ്പോഴും ഇവരുടെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. മണ്ണിടിച്ചിൽ ഭീഷണിക്ക് പരിഹാരം കാണാൻ കളക്ടർ നൽകിയ ഉത്തരവ് നടപ്പിലാകാത്തതാണ്, കോട്ടയം ചിറക്കടവിലെ സാബുവിനെയും കുടുംബത്തിനെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ പണമില്ലെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.

ഈ മഴക്കാലത്ത് കോട്ടയം ജില്ലയിൽ ഏറ്റവുമാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്ന കുടുംബമാണ് ചിറക്കടവിലെ സാബുവിന്റേത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പലകുറി ഈ കുടുംബത്തിന്‍റെ ദുരവസ്ഥ പുറത്തുവന്നിട്ടുണ്ട്. 2021 ഒക്ടോബറിലുണ്ടായ പെരുമഴയിലാണ് സാബുവിൻ്റെ വീടിനും വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വർക് ഷോപ്പിനും മുകളിലേക്ക് തൊട്ടടുത്ത പുരയിടത്തിൽ നിന്ന് മണ്ണും കല്ലും ഇടിഞ്ഞു വീണത്. ആദ്യം കണ്ടില്ലെന്നു നടിച്ച പഞ്ചായത്ത് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് മണ്ണ് നീക്കിയിരുന്നു. പിന്നെ നാലു തട്ടുകളായി സംരക്ഷണ ഭിത്തി കെട്ടി സാബുവിൻ്റെയും കുടുംബത്തിൻ്റെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കാട്ടി അന്നത്തെ കളക്ടർ പികെ ജയശ്രീ ഉത്തരവിട്ടു. പക്ഷേ കളക്ടർ പറഞ്ഞപോലെ പണി നടത്താതെ മണ്ണുവിറ്റ കാശു കൊണ്ട് പേരിനൊരു സംരക്ഷണ ഭിത്തി കെട്ടി പഞ്ചായത്ത് തടിയൂരി. അതും കോടതി ഉത്തരവിനും നിരന്തര വാര്‍ത്തകള്‍ക്കും ശേഷം.

ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ മാർച്ച് 27 ന് ഇപ്പോഴത്തെ കളക്ടർ വി വിഗ്നേശ്വരി സാബുവിൻ്റെ വീടിനു മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും കല്ലും നീക്കണമെന്നു പറഞ്ഞ് പഞ്ചായത്തിന് നൽകിയ രേഖാമൂലമുള്ള ഉത്തരവാണിത്. ഈ ഉത്തരവും നടപ്പാക്കാതെ വന്നതോടെയാണ് സാബുവിന് ഭാര്യയെയും മൂന്നു മക്കളെയും കൂട്ടി ക്യാമ്പിലേക്ക് മാറേണ്ടി വന്നത്. സ്വകാര്യ ഭൂമിയിലെ മണ്ണ് മാറ്റാനായി പണം ചെലവിടാന്‍ പ‍ഞ്ചായത്തിന് സാമ്പത്തിക പരിമിതിയുണ്ടെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ വൈകിയതെന്ന് പഞ്ചായത്ത് സെക്രട്ടറിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ മാസം 22 ന് പ്രശ്ന പരിഹാരത്തിന് റവന്യു വകുപ്പ് വീണ്ടും അദാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. അതിലെങ്കിലും തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഉതകുന്ന തീരുമാനമുണ്ടാകണമെന്നാണ് സാബുവിന്‍റെയും കുടുംബത്തിന്‍റെയും അഭ്യര്‍ഥന.

Leave a Reply

Your email address will not be published. Required fields are marked *