Your Image Description Your Image Description

തിരുവനന്തപുരം: 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച ശേഷം മുങ്ങിയ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്. കൈയെത്തും ദൂരത്തു നിന്ന് പ്രതി വീണ്ടും മുങ്ങി. പൊലീസിനെ കബളിപ്പിച്ച് മീൻ പിടിത്ത ട്രോളർ ബോട്ടിൽ കടലിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിന് ഇന്നലെ ഫലം കണ്ടെന്ന് കരുതിയ വേളയിലാണ് പ്രതി കടലിൽ വെച്ച് തന്ത്രപൂർവം മറ്റൊരു വള്ളത്തിൽ കയറി മുങ്ങിയത്. തമിഴ്നാട് വള്ളവിള സ്വദേശി വിൽസൺ (22) നായുള്ള തിരച്ചിലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

എട്ട് മാസം മുൻപാണ് വള്ളവിള സ്വദേശിനിയായ പതിനാല് കാരിയെ രണ്ടംഗ സംഘം അതിക്രൂരതക്കിരയാക്കിയതെന്ന് പൊലീസ് പറയുന്നു. ബലം പ്രയോഗിച്ച് പെൺകുട്ടിയെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി. തുടർന്ന് കുട്ടിയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ടു. നട്ടെല്ല് തകർന്ന് കിടപ്പിലായ കുട്ടിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിനിടയിൽ കൂട്ടു പ്രതിയെ പിടികൂടി അകത്താക്കിയെങ്കിലും വിൽസൺ മുങ്ങി.

ബന്ധുവായ തോമസിന്‍റെ ബോട്ടിൽ മീൻ പിടിത്ത സംഘത്തോടൊപ്പം കടലിൽ കൂടി. സഹോദരൻ മുത്തപ്പൻ, ഇളയച്ഛൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപ് മേഖലയിൽ ആഴ്ചകളോളം തങ്ങി മീൻ പിടിക്കുന്ന ബോട്ടിൽ വിൽസനും ഉണ്ടെന്ന് മനസിലാക്കിയ ക്യൂ ബ്രാഞ്ച് സംഘം പ്രതിയെ പിടികൂടാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. ബോട്ട് നമ്പർ കണ്ടെത്തി സാറ്റ്ലൈറ്റ് വഴി ബോട്ടിന്‍റെ യാത്രാ റൂട്ട് നിരീക്ഷിച്ചു. ലക്ഷദ്വീപിൽ നിന്ന് കൊച്ചി വഴി തമിഴ്നാട്ടിലേക്ക് ബോട്ട് തിരിച്ചതായി മനസിലാക്കിയ ക്യൂ ബ്രാഞ്ച് സംഘം വിഴിഞ്ഞം തീരദേശ പൊലീസിന്‍റെ സഹായം അഭ്യർത്ഥിച്ചു. എന്നാൽ തങ്ങളുടെ അധികാര പരിധിക്കും അപ്പുറം ഉൾക്കടലിലൂടെ പോകുന്ന ബോട്ടിനെ തടയാൻ തീരസംരക്ഷണ സേനയെ സമീപിക്കാൻ തീരദേശ പൊലീസ് നിർദ്ദേശിച്ചു. ഈ സമയത്ത് തീര സംരക്ഷണ സേനയുടെ കപ്പൽ ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ക്യൂ ബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ച കോസ്റ്റ് ഗാർഡ് സംഘം പ്രതി ഉണ്ടായിരുന്ന ബോട്ട് തടഞ്ഞുവച്ചു.

തുടർന്ന് വിഴിഞ്ഞം തീരദേശ പൊലീസിനെ വരുത്തി ബോട്ടിനെയും ആൾക്കാരെയും കൈമാറിയെങ്കിലും ഇതിനിടയിൽ പ്രതി മറ്റൊരു വള്ളത്തിൽ കടന്നു കളഞ്ഞു. മറ്റുള്ളവരെ വിഴിഞ്ഞം വാർഫിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ്, പൊലീസ് പിൻതുടരുന്നതറിഞ്ഞ് കൊച്ചിക്ക് സമീപം വെച്ച് രണ്ട് വള്ളങ്ങളിലായി പ്രതിയും മറ്റ് ചിലരും കടന്നു കളഞ്ഞ വിവരം ലഭിച്ചത്. അഞ്ചുതെങ്ങിന് സമീപം ബന്ധുവിന്‍റെ വീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന വിവരവും ലഭിച്ചു. പൊലീസ് ഇന്നലെ വൈകുന്നേരം അങ്ങോട്ട് തിരിച്ചു. ചെന്നൈ, കുളച്ചൽ, പൊഴിയൂർ സ്വദേശികൾ ഉൾപ്പെടെ നാല്പതോളം പേരാണ് പ്രതി ഒളിവിൽ കഴിഞ്ഞ ബോട്ടിലുണ്ടായിരുന്നത്. തുടർ നടപടിക്കായി ബോട്ടിനെ വിഴിഞ്ഞം ഫിഷറീസ് അധികൃതർക്ക് കൈമാറിയതായി തീരദേശ പൊലീസ് പറഞ്ഞു. എസ്.ഐ സൈമൺ ജൂസ, സി.പി.ഒ ജോസ്കുമാർ, കോസ്റ്റൽ വാർഡൻ ഷിബു, സ്രാങ്ക് -നിസാമുദ്ദീൻ, ലാസ് കർ ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ടിനെയും സംഘത്തെയും ഉൾക്കടലിൽ നിന്ന് വിഴിഞ്ഞത്ത് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *