Your Image Description Your Image Description

കോട്ടയം ജില്ലയിൽ വിജിലൻസ്‌ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. കോട്ടയം ഫുഡ് സേഫ്റ്റി അസിസ്‌റ്റന്റ്‌ കമീഷണർ ഓഫീസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി ഫുഡ് സേഫ്റ്റി സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത് . സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷയുടെ മാനദണ്ഡങ്ങൾ ലംഘിച്ചത് കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്‌ചവരുത്തിയതായി പരിശോധനയിൽ നിന്ന് കണ്ടെത്തി . കോട്ടയം അസിസ്‌റ്റന്റ്‌ കമീഷണർ ഓഫീസ്‌ 2021–-22 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽചെയ്യാത്ത 77 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തില്ല. അതേസമയം ഈ സ്ഥാപനങ്ങൾക്ക്‌ നോട്ടീസ്‌ നൽകിയിട്ടുണ്ടെങ്കിലും പിഴയടച്ചിട്ടില്ല. കൂടാതെ പിഴ അടയ്‌ക്കാനുള്ള തുടർനടപടികൾ ഉദ്യോഗസ്ഥർ സ്വീകരിച്ചില്ല. 2022–-23 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്ത 52 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചില്ല. പരിശോധനാഫലങ്ങൾ മിക്കപ്പോഴും 14 ദിവസത്തിനുള്ളിൽ ലഭിക്കാറില്ല. അതിനാൽ സുരക്ഷിതമല്ല എന്ന്‌ പരിശോധനാഫലം വരുന്ന ഉൽപന്നങ്ങൾ വിപണിയിൽനിന്ന്‌ പിൻവലിക്കുന്നതിൽ കാലതാമസം വരുന്നു. ഇവ വിറ്റുപോകുന്നത്‌ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്നും കൂടി വിജിലൻസ്‌ കണ്ടെത്തി. അതേസമയം സർക്കിൾ ഓഫീസുകൾ നടത്തുന്ന പരിശീലനത്തിന്റെ ഫണ്ട്‌ തിരിമറി നടത്തുന്നതായും പരിശോധനയിൽ വ്യക്തമായി. പരിശീലനം നടത്തിയ സ്ഥാപനത്തിന്‌ നൽകേണ്ട തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക്‌ അയച്ചു. പരിശീലന സർട്ടിഫിക്കറ്റ്‌ കൃത്യമായി നൽകിയിട്ടില്ല. ഡിവൈഎസ്‌പിമാരായ വി ആർ രവികുമാർ, പി വി മനോജ്കുമാർ, ഇൻസ്പെക്ടർമാരായ എസ് പ്രദീപ്, മഹേഷ് പിള്ള, ജി രമേശ്, സജു എസ് ദാസ്, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, വി എം ജെയ്‌മോൻ, അനിൽ കുമാർ, ചങ്ങനാശേരി എൽആർ തഹസീൽദാർ നിജു കുര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *