Your Image Description Your Image Description

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ. മതിയായ റിസർച്ച് ഗൈഡുകളില്ലാതെയാണ് പുതിയ പരിഷ്കരണം. ഭാവിയിൽ കോഴ്സുകൾക്ക് അംഗീകാരം നഷ്ടപ്പെടുമോയെന്നാണ് ആശങ്ക. എന്നാൽ പരിഷ്കരണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ടെന്നാണ് സർവകലാശാലയുടെ വിശദീകരണം.

ഈ അധ്യയന വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുകയാണ് കണ്ണൂർ സർവകലാശാല. രണ്ട് തരത്തിലുള്ള കോഴ്സുകൾ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാം. ഓണേഴ്സ് ഡിഗ്രിയും, ഓണേഴ്സ് ഡിഗ്രി വിത്ത് റിസർച്ചും. ഓണേഴ്സ് ഡിഗ്രി വിത്ത് റിസർച്ച് അഥവാ 4 വർഷ ഗവേഷണ ബിരുദം നേടുന്ന വിദ്യാർത്ഥിക്ക് നേരിട്ട് പിഎച്ച്ഡിക്ക് പ്രവേശനം കിട്ടും. യുജിസി മാനദണ്ഡം അനുസരിച്ച് ഇത് നടപ്പിലാക്കണമെങ്കിൽ അതത് വകുപ്പുകളിൽ രണ്ട് ഗവേഷണ മാർഗദർശികൾ നിർബന്ധമായും ഉണ്ടായിരിക്കണം. എന്നാൽ കണ്ണൂർ സര്‍വകലാശാലയിൽ കോഴ്സ് നടപ്പാക്കുന്നത് ഒരു വകുപ്പിൽ പിഎച്ച്ഡിയുള്ള 2 അധ്യാപകരുണ്ടോ എന്ന് മാത്രം പരിഗണിച്ചാണ്. യുജിസി ചട്ടത്തിന് വിരുദ്ധമായി കോഴ്സുകൾക്ക് നടപ്പിലാക്കുമ്പോൾ ഭാവിയിൽ അംഗീകാരം നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ട്.

കണ്ണൂർ സർവകലാശാലയിൽ റിസർച്ച് ഗൈഡുകളുടെ എണ്ണം കുറവാണ്. കാലിക്കറ്റ്, എംജി സർവകലാശാലകളിൽ യുജി കോളേജുകളിലെ പിഎച്ച്ഡിയുള്ള അധ്യാപകർക്ക് റിസർച്ച് ഗൈഡിനുള്ള യോഗ്യത അനുവദിക്കുന്നുണ്ട്. എന്നാൽ കണ്ണൂർ സർവകലാശാലയിൽ അങ്ങനെയല്ല. അതേസമയം ചട്ടത്തിൽ ഭേദഗതി വരുമെന്നും ആശയക്കുഴപ്പം നീങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് സർവകലാശാല അധികൃതര്‍..

 

Leave a Reply

Your email address will not be published. Required fields are marked *