Your Image Description Your Image Description

ബെംഗളൂരു: പ്രജ്വൽ രേവണ്ണയെ തേടി കർണാടക പൊലീസ് ജർമനിയിലേക്ക് തിരിക്കുമെന്ന് റിപ്പോർട്ടുകൾ. പ്രജ്വൽ കീഴടങ്ങാൻ തയ്യാറായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായത്തോടെ ജർമനിയിലെത്തി അറസ്റ്റ് ചെയ്യാനുള്ള സാധ്യത കർണാടക പൊലീസ് തേടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്ക് പോകുമെന്നാണ് സൂചന. അതേസമയം, പ്രജ്വൽ നാട്ടിലെത്തുകയാണെങ്കിൽ ഉടനടി അറസ്റ്റ് ചെയ്യാനുള്ള നീക്കവും തുടങ്ങി. സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും പൊലീസ് തമ്പടിച്ചു. ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കി. ഞായറാഴ്ച വൈകുന്നേരം മുതലാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളങ്ങളിൽ തമ്പടിച്ചത്.

ഞായറാഴ്ച വൈകിട്ടോ തിങ്കാളാഴ്ച രാവിലെയോ പ്രജ്വൽ ജർമനിയിൽ നിന്നെത്തി കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നി​ഗമനം. എന്നാൽ, ഇതുവരെ പ്രജ്വൽ എത്തിയിട്ടില്ല. പ്രജ്വൽ മറ്റ് രാജ്യങ്ങളിലേക്ക് പറന്നെന്നും അഭ്യൂഹമുണ്ടായിരുന്നു. വോട്ടെടുപ്പിന് തൊട്ടുപിന്നാലെ അശ്ലീല വിഡിയോ പുറത്തുവന്നതിന് ശേഷം നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണ് പ്രജ്വൽ രാജ്യം വിട്ടത്. പൊലീസ് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി.

അതേസമയം, പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളിൽ മാധ്യമങ്ങൾ തന്‍റെയോ മകൻ കുമാരസ്വാമിയുടെയോ പേര് പരാമർശിക്കരുതെന്ന നിരോധന ഉത്തരവ് നേടി ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകൾ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ബെംഗളുരു സെഷൻസ് കോടതിയാണ് ഹർജി അനുവദിച്ച് ഉത്തരവിട്ടത്. ഇതിനിടെ, പ്രജ്വലിനെതിരായ കേസുകളിൽ പരാതി നൽകാൻ ഇരകൾക്കായി കർണാടക പൊലീസ് ഹെൽപ് ലൈൻ തുറന്നു.

Leave a Reply

Your email address will not be published. Required fields are marked *