Your Image Description Your Image Description

 

ഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐസിഎംആർ) ട്രയൽ റണ്ണിൻ്റെ ഭാഗമായി കർണാടകയിലെ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിൾ പാത്തോളജിക്കൽ പരിശോധനക്കായി ഡ്രോൺ ഉപയോ​ഗിച്ച് എത്തിച്ചു. ചികിത്സാ ​രം​ഗത്ത് ഡ്രോൺ ഉപയോ​ഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാ​ഗമായിട്ടായിരുന്നു ഐസിഎംആർ ട്രയൽ റൺ നടത്തിയത്. കാർക്കളയിലെ ഡോ.ടി.എം.എ പൈ ഹോസ്പിറ്റലിലെ രോ​ഗിയിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇൻട്രാ ഓപ്പറേറ്റീവ് സർജിക്കൽ ബയോസ്‌പെസിമൻ കസ്തൂർബ മെഡിക്കൽ കോളേജിലെ ലാബിലേക്ക് 15-20 മിനിറ്റിനുള്ളിൽ 37 കിലോമീറ്റർ ദൂരം ഡ്രോണിലൂടെ എത്തിച്ചു. റോഡ് മാർഗം ഏകദേശം 50-60 മിനിറ്റ് എടുക്കുന്ന സ്ഥാനത്താണ് 20 മിനിറ്റിൽ സാമ്പിൾ എത്തിച്ചത്. സാമ്പിൾ പരിശോധിച്ച് റിപ്പോർട്ട് ഹോസ്പിറ്റലിലേക്ക് അറിയിക്കുകയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയയുമായി സർജൻ മുന്നോട്ടുപോകുകയും ചെയ്തു. ഐസിഎംആർ, കസ്തൂർബ മെഡിക്കൽ കോളേജ് (കെഎംസി), ഡോ ടിഎംഎ പിഎഐ റോട്ടറി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യത്ത് ആദ്യമായി ട്രയൽ റൺ നടത്തിയത്.

കൃഷി, പ്രതിരോധം, ദുരന്ത നിവാരണം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ഡ്രോണുകൾ നിർണായക പങ്ക് വഹിക്കാനുണ്ടെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. അടിയന്തിര സാഹചര്യങ്ങളിൽ, വാക്സിനുകൾ, മരുന്നുകൾ, സുപ്രധാന സാധനങ്ങൾ എന്നിവ വിദൂരവും ആക്സസ് ചെയ്യാനാവാത്തതുമായ പ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോണുകൾ ഉപയോ​ഗിക്കാം. കസ്തൂർബ മെഡിക്കൽ കോളേജുമായി ചേർന്ന് ഐസിഎംആർ നിലവിൽ കർണാടകയിലെ മണിപ്പാലിൽ സാധ്യതാ പഠനം നടത്തുന്നു. പാത്തോളജി സാമ്പിളുകൾ പോലുള്ള ഇനങ്ങൾ എത്തിക്കുന്നതിന് ഡ്രോണുകളുടെ സാധ്യത വിലയിരുത്തുകയാണ് പഠനം ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.

ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നതിലും ഹിമാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലെ വിദൂര പ്രദേശങ്ങളിൽ മെഡിക്കൽ സപ്ലൈസ്, വാക്‌സിനുകൾ, മരുന്നുകൾ എന്നിവയുടെ വിതരണവും ദില്ലി മേഖലയിൽ ബ്ലഡ് ബാഗ് ഡെലിവറി നടത്തുന്നതിനും ഡ്രോണിനെ ഉപയോ​ഗപ്പെടുത്താനമ്‍ ഐസിഎംആർ ശ്രമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *