Your Image Description Your Image Description

 

മുംബൈ: ഇന്ന് ഐപിഎല്ലിൽ രണ്ട് മത്സരങ്ങള്‍. മുംബൈ ഇന്ത്യൻസ് വൈകിട്ട് മൂന്നരയ്ക്ക് ഡൽഹി ക്യാപിറ്റൽസിനെയും ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഏഴരയ്ക്ക് ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും.

മുംബൈ- ഡല്‍ഹി

പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹാർദിക് പണ്ഡ്യയുടെ മുംബൈ ഇന്ത്യൻസിനും റിഷഭ് പന്തിന്‍റെ ഡൽഹി ക്യാപിറ്റൽസിനും ഇന്ന് അഭിമാനപ്പോരാട്ടമാണ്. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് മത്സരം. മൂന്ന് കളിയും തോറ്റ മുംബൈയ്ക്ക് സൂര്യകുമാർ യാദവിന്‍റെ വരവ് പുത്തൻ ഉണർവ് നല്‍കുമെന്നാണ് പ്രതീക്ഷ. സൂര്യ ക്രീസിലുദിച്ചാൽ മധ്യനിരയിലെ പ്രതിസന്ധിക്ക് പരിഹാരമാവും. രോഹിത് ശർമ്മ, തിലക് വർമ്മ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികവും നിർണായകം. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ സ്വന്തം ആരാധകർ ഇന്നും കൂവിതോൽപിക്കുമോ എന്നതും കൗതുകം.

ബാറ്റിംഗ് കരുത്ത് ഇടംകൈയൻമാരായ ഡേവിഡ് വാർണറിലേക്കും റിഷഭ് പന്തിലേക്കും ചുരുങ്ങിയതോടെയാണ് ഡൽഹി ക്യാപിറ്റല്‍സ് നാലിൽ മൂന്ന് കളിയിലും തോറ്റത്. ബൗളിംഗ് നിരയ്ക്കും മൂർച്ചയില്ല. ഓൾറൗണ്ട‍ർ മിച്ചല്‍ മാർഷ് ഇന്ന് കളിക്കില്ല. ഈ സീസണില്‍ മിച്ചല്‍ മികച്ച ഫോമിലായിരുന്നില്ല. സ്പിന്നർ കുല്‍ദീപ് യാദവ് കളിക്കുന്ന കാര്യവും സംശയത്തിലാണ്.

ലഖ്നൗ- ഗുജറാത്ത്

അതേസമയം ലഖ്നൗ സൂപ്പർ ജയന്‍റ്‍സിനെതിരെ ഇറങ്ങുമ്പോൾ ഗുജറാത്ത് ടൈറ്റൻസിന് വെല്ലുവിളിയാവുക മായങ്ക യാദവിന്‍റെ അതിവേഗ പന്തുകളായിരിക്കും. 150 കിലോമീറ്ററിലധികം വേഗത്തിൽ സ്ഥിരതയോടെ പന്തെറിയുന്ന മായങ്ക് രണ്ട് കളിയിൽ ആറ് വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. സ്പിന്നർ രവി ബിഷ്ണോയിയുടെ കുത്തിത്തിരിയുന്ന പന്തുകളും ശുഭ്മാന്‍ ഗില്ലിനും വൃദ്ധിമാന്‍ സാഹയ്ക്കും കെയ്ന്‍ വില്യംസണുമെല്ലാം അതിജീവിക്കണം. ക്യാപ്റ്റൻ കെ എല്‍ രാഹുൽ, ക്വിന്‍റണ്‍ ഡി കോക്ക്, ദേവ്ദത്ത് പടിക്കല്‍, നിക്കോളാസ് പുരാൻ, ആയുഷ് ബദോണി എന്നിവരിൽ രണ്ട് പേർ ക്രീസിലുറച്ചാൽ ലഖ്നൗവിന്‍റെ സ്കോർ ബോർഡ് പറക്കും. റാഷിദ് ഖാന്‍റെ നാലോവറിൽ കളി തിരിക്കാമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ മൈതാനത്തിറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *