Your Image Description Your Image Description

 

വാഷിംങ്ടൺ: അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ വംശജയായ ഉമ സത്യസായ് ​ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയിൽ മരിച്ചത്. അതേസമയം, വിദ്യാർത്ഥിയുടെ മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

‘ഒഹിയോയിലുള്ള ഉമ സത്യസായ് ​ഗദ്ദെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഉമാ ഗദ്ദെയുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സഹായം നൽകി വരികയാണ്’- ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അതേസമയം, ഗദ്ദെയുടെ മരണകാരണം എന്താണെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ മാർച്ചിൽ, കൊൽക്കത്തയിൽ നിന്നുള്ള ശാസ്ത്രീയ നർത്തകൻ അമർനാഥ് ഘോഷ് മിസൗറിയിലെ സെൻ്റ് ലൂയിസിൽ വെടിയേറ്റ് മരിച്ചിരുന്നു. അതേ മാസം, ബോസ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന ആന്ധ്രാപ്രദേശിൽ നിന്നുള്ള 20 വയസ്സുള്ള വിദ്യാർത്ഥിയായ പരുചൂരി അഭിജിത്തും കൊല്ലപ്പെട്ടിരുന്നു. മൃതദേഹം വനത്തിനുള്ളിൽ കാറിൽ തള്ളിയ നിലയിലായിരുന്നു. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ 23 കാരനായ സമീർ കാമത്തിനെ ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലും മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 2 ന്, വാഷിംഗ്ടണിലെ ഒരു റെസ്റ്റോറൻ്റിന് പുറത്ത് നടന്ന ആക്രമണത്തിനിടെ 41 കാരനായ ഇന്ത്യൻ വംശജനായ ഐടി എക്‌സിക്യൂട്ടീവായ വിവേക് ​​തനേജയ്ക്കും ജീവൻ നഷ്ടമായി. ഇങ്ങനെ അടുത്ത മാസങ്ങളിലായി അര ഡസനിലധികം വിദ്യാർത്ഥികളാണ് അമേരിക്കയിൽ കൊല്ലപ്പെട്ടിട്ടുള്ളത്.

ഇന്ത്യൻ വിദ്യാർത്ഥികൾക്കു നേരെ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി സംഘടനകളും ഇന്ത്യൻ എംബസ്സി അധികൃതരും ഓൺലൈൻ യോ​ഗം നടത്തി. 150 ഓളം ഇന്ത്യൻ വിദ്യാർത്ഥി സംഘടനകളും വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നായുള്ള വിദ്യാർത്ഥികളും യോ​ഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *