Your Image Description Your Image Description

 

ഹൈദരാബാദ്: സ്ലോ ബോളുകള്‍ക്ക് മുന്നില്‍ ചെന്നൈ സൂപ്പർ കിംഗ്സ് വിറച്ച അതേ പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്‍റെ തകർപ്പന്‍ ജയം. 166 റണ്‍സ് വിജലക്ഷ്യം സണ്‍റൈസേഴ്സ് 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടി. അഭിഷേക് ശർമ്മ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ട്രാവിസ് ഹെഡ്, ഏയ്‍ഡന്‍ മാർക്രം എന്നിവരുടെ ബാറ്റിംഗിലാണ് സണ്‍റൈസേഴ്സ് വിജയവഴിയിലേക്ക് ഉദിച്ചുയർന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ മറുപടി ബാറ്റിംഗില്‍ ദീപക് ചാഹറിന്‍റെ രണ്ടാം പന്തില്‍ ഇംപാക്ട് പ്ലെയറും ഓപ്പണറുമായ ട്രാവിസ് ഹെഡിനെ സ്ലിപ്പില്‍ മൊയീന്‍ അലി വിട്ടുകളഞ്ഞു. ഇതേ ഓവറിലെ അവസാന പന്തില്‍ സിക്സുമായി തുടങ്ങിയ സഹ ഓപ്പണർ അഭിഷേക് ശർമ്മ തൊട്ടടുത്ത ഓവറില്‍ നാല് സിക്സറുകളോടെ മുകേഷ് ചൗധരിയെ 27 റണ്ണടിച്ചു. തൊട്ടടുത്ത ഓവറില്‍ ചാഹറിനെയും അഭിഷേക് ശിക്ഷിച്ചെങ്കിലും നാലാം പന്തില്‍ രവീന്ദ്ര ജഡേജയുടെ ക്യാച്ചില്‍ മടങ്ങേണ്ടിവന്നു. 12 പന്തില്‍ മൂന്ന് ഫോറും നാല് സിക്സുകളും സഹിതം 37 റണ്‍സാണ് അഭിഷേക് ശർമ്മ അടിച്ചുകൂട്ടിയത്. പതറാതെ ട്രാവിസ് ഹെഡ്- ഏയ്ഡന്‍ മാർക്രം സഖ്യം 9-ാം ഓവറില്‍ ടീമിനെ 100 കടത്തി.

എങ്കിലും തൊട്ടടുത്ത ഓവറില്‍ മഹീഷ് തീക്ഷന ഡീപ് ബാക്ക്‍വേഡ് സ്ക്വയറില്‍ ഹെഡിനെ രചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചു. 24 ബോളില്‍ 31 റണ്‍സാണ് ഹെഡ് നേടിയത്. അർധസെഞ്ചുറി നേടിയ മാർക്രമിനെയും (36 പന്തില്‍ 50) മടക്കാന്‍ ചെന്നൈക്കായി. മൊയീന്‍ അലിക്കായിരുന്നു വിക്കറ്റ് വൈകാതെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ഷഹ്ബാസ് അഹമ്മദിനെയും (19 പന്തില്‍ 18) എല്‍ബിയില്‍ അലി മടക്കി. എന്നാല്‍ ഹെന്‍‍റിച്ച് ക്ലാസനും (11 പന്തില്‍ 10*), നിതീഷ് റെഡ്ഡിയും (8 പന്തില്‍ 15*) വിജയമുറപ്പിച്ചു. സിക്സറോടെ നിതീഷിന്‍റെ വകയായിരുന്നു ഫിനിഷിംഗ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്‍കെ നിശ്ചിത 20 ഓവറില്‍ 165-5 എന്ന സ്കോറിലൊതുങ്ങി. 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദുബെയാണ് ടോപ് സ്കോറർ. അവസാന ഓവറുകളില്‍ സ്ലോ ബോളുകളുമായി മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു സണ്‍റൈസേഴ്സ്. അവസാന ആറോവറില്‍ ചെന്നൈ 50 റണ്‍സിലൊതുങ്ങി. പതിവ് ധോണി ഫിനിഷിംഗിന് കാത്തിരുന്ന ആരാധകർ നിരാശരായി. രചിന്‍ രവീന്ദ്ര (12), റുതുരാജ് ഗെയ്‌ക്‌വാദ് (26), അജിങ്ക്യ രഹാനെ (35), ഡാരില്‍ മിച്ചല്‍ (13), രവീന്ദ്ര ജഡേജ (31*), എം എസ് ധോണി (1*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍.

Leave a Reply

Your email address will not be published. Required fields are marked *