Your Image Description Your Image Description

 

തൃശൂര്‍: കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക ഇടപാടുകള്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനു സമാനമെന്ന് ആരോപണം. ജീവനക്കാരന്റെ പരാതിയില്‍ ഇ.ഡി. അന്വേഷണം തുടങ്ങിയത് ഭരണസമിതിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മിന് തലവേദനയായേക്കും. ചെറിയ ഈടിന്മേലും വ്യാജരേഖകളിലും കോടിക്കണക്കിനു രൂപ വായ്പ നല്‍കിയതു സംബന്ധിച്ച് നല്‍കിയ പരാതികള്‍ ഒല്ലൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും ആരോപണമുയർന്നു. രണ്ടു പരാതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.

അഡ്മിനിസ്‌ട്രേറ്റര്‍ ഭരണകാലത്താണ് പരാതികളുണ്ടായത്. സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്കു പുറത്തുള്ള ഒട്ടേറെ പേര്‍ക്ക് ചെറിയ ഈടിന്മേല്‍ അനുവദിക്കാന്‍ പാടില്ലാത്തതിനേക്കാള്‍ ഇരട്ടിയോ അതിലധികമോ വായ്പയാണ് നല്‍കിയതെന്നു പരാതിയില്‍ പറയുന്നു. ഒരേ വസ്തു ഈടിന്മേല്‍ അഞ്ച് വായ്പകള്‍ വരെ നല്‍കിയിട്ടുണ്ട്. മാത്രമല്ല, പ്രവര്‍ത്തന പരിധിക്കു പുറത്തുള്ളവര്‍ക്ക് അംഗത്വം നല്‍കിയും വായ്പകള്‍ നല്‍കി. ഇപ്രകാരം കോടിക്കണക്കിനു രൂപയുടെ തിരിമറി നടത്തിയതിനു പിന്നില്‍ കമ്മിഷന്‍ ഏര്‍പ്പാടുണ്ടെന്നാണ് സംശയം.

വര്‍ഷങ്ങളായി സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. പരാതികള്‍ ഉയര്‍ന്നതിനെതുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 32.92 കോടിയുടെ ക്രമക്കേട് കണ്ടെത്തി. 2020-21 സാമ്പത്തികവര്‍ഷത്തില്‍ മാത്രം 9.62 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. മുന്‍ ഭരണസമിതിയംഗങ്ങള്‍ സിറ്റിങ് ഫീസിനത്തിലും ചിട്ടി കമ്മിഷന്‍ ഇനത്തിലും 72.11 ലക്ഷം നേടിയതായും സഹകരണ വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടെങ്കിലും കോടതിയില്‍ പോയതിനെതുടര്‍ന്ന് തിരിച്ചുവന്നു. കാലാവധി തികയ്ക്കാന്‍ രണ്ടുമാസക്കാലം ബാക്കി നില്‍ക്കേയാണ് ഭരണസമതി തിരിച്ചുവന്നത്. കാലാവധി കഴിഞ്ഞപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം. നേതൃത്വത്തിലുള്ള ഭരണസമിതി തന്നെ അധികാരമേറ്റു.

ബാങ്കിന്റെ ഇടപാടുകളെ സംബന്ധിച്ചും സിപിഎം. നിലപാടുകളെ സംബന്ധിച്ചും വിയോജിപ്പുള്ള ഏതാനും ജീവനക്കാര്‍ ഇടതുപക്ഷ യൂണിയനില്‍നിന്നു രാജിവച്ചതോടെ പ്രശ്‌നങ്ങള്‍ മറ്റൊരു തലത്തിലേക്ക് മാറി. രണ്ടുപേരൊഴികെ എല്ലാവരും തിരിച്ച് ഇടതു യൂണിയനിലേക്ക് തിരിച്ചുപോയി. രണ്ടുപേര്‍ ബിഎംഎസ്. നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനില്‍ ചേര്‍ന്നു. മാസങ്ങളായി ശമ്പളം മുടങ്ങിയതും ജീവനക്കാരില്‍ അതൃപ്തിയുണ്ടാക്കി. മൂന്നു മാസത്തോളമായി ബാങ്കിലേയും അനുബന്ധ സ്ഥാപനങ്ങളിലേതുമടക്കം 85 ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *