Your Image Description Your Image Description

 

ഭോപ്പാൽ: ടോളിന്‍റെ പേരിൽ ഉണ്ടായ തർക്കത്തിനു പിന്നാലെയുള്ള ആക്രമണത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ ടോള്‍ പ്ലാസ ജീവനക്കാർ കിണറ്റിൽ വീണുമരിച്ചു. മുഖംമൂടി ധരിച്ച തോക്കുധാരികളെ കണ്ട് ഓടുന്നതിനിടെയാണ് രണ്ടുപേരുടെ മരണം. ഇരുവരുടെയും മൃതദേഹം ലഭിച്ചു. മധ്യപ്രദേശിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

എൻ എച്ച് 44ലെ ദഗ്രായി ടോൾ പ്ലാസയിലെ സിസിടിവി ക്യാമറകളിൽ അക്രമത്തിന്‍റെ ദൃശ്യം പതിഞ്ഞു. നാല് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയത്. അവർ ടോൾ കൗണ്ടറുകളുടെ വാതിലുകളിൽ ചവിട്ടിത്തുറക്കുകയും കമ്പ്യൂട്ടറുകൾ നശിപ്പിക്കുകയും ടോൾ പ്ലാസ ജീവനക്കാരെ മർദിക്കുകയും ചെയ്തു. അക്രമികൾ ആകാശത്തേക്ക് വെടിയുതിർത്തപ്പോൾ ജീവനക്കാർ ജീവനും കൊണ്ടോടി. ആഗ്ര സ്വദേശിയായ ശ്രീനിവാസ് പരിഹാർ, നാഗ്പൂരിൽ നിന്നുള്ള ശിവാജി കണ്ടേലെ എന്നിവർ ഓടുന്നതിനിടെ തൊട്ടടുത്ത പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഇന്നലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ഝാൻസിക്കും ഗ്വാളിയോറിനും ഇടയിലുള്ള ടോൾ പ്ലാസയുടെ കരാർ ഏപ്രിൽ ഒന്നിന് മാറിയിരുന്നു. ടോള്‍ പിരിവ് പുതിയ കരാറുകാരന് കൈമാറി.നാട്ടുകാരിൽ ചിലർ മുൻ കരാറുകാരനുമായി ധാരണയുണ്ടാക്കിയിരുന്നുവെന്നും അവരുടെ വാഹനങ്ങൾ പണം നൽകാതെ ടോൾ ബൂത്ത് കടന്നുപോകാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പുതിയ കരാറുകാരൻ ഈ സൌജന്യം നൽകാൻ തയ്യാറായില്ല. ഇതിന്‍റെ പേരിൽ തർക്കമുണ്ടായി. പുതിയ കരാറുകാരനെ ഭയപ്പെടുത്താനായിരുന്നു ചൊവ്വാഴ്ചത്തെ ആക്രണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *