Your Image Description Your Image Description

 

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്‍റ് ഏജന്റിന്റെ ചതിയില്‍പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ തിരുവനന്തപുരം സ്വദേശി ഡേവിഡ് മുത്തപ്പന്‍ നാട്ടിലെത്തി. രണ്ട് ദിവസം മുമ്പ് ഡൽഹിയിലെത്തിയിരുന്നെങ്കിലും ബുധനാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിയത്. നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് അത്ഭുതം പോലെയാണ് കാണുന്നതെന്നും പലരുടെയും സഹായത്തോടെയാണ് നാട്ടിൽ തിരിച്ചെത്തിയതെന്നും ഡേവിഡ് മുത്തപ്പൻ പറഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരനും ശശി തരൂരിനും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഡേവിഡ് തിരുവനന്തപുരത്ത് എത്തിയത്. ബന്ധുക്കൾ റെയില്‍വേ സ്റ്റേഷനിലെത്തി സ്വീകരിച്ചു.

ഡേവിഡ് മുത്തപ്പന് പുറമെ റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയിരുന്നു. റഷ്യയില്‍ നിന്ന് ദില്ലിയിലെത്തിയ പ്രിൻസിനെയും സിബിഐ ഓഫീസില്‍ എത്തിച്ച് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി. ക്രെയ്ൻ അതിർത്തിയിൽനിന്നും വെടിയേറ്റ് കാലിന് ഗുരുതര പരിക്കേറ്റ പ്രിൻസ് എംബസിയുടെ സഹായത്തോടെയാണ് ദില്ലിയിലെത്തിയത്. സിബിഐ സംഘം റിക്രൂട്ട്മെൻ്റ് ഏജൻസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രിൻസിനെ നാട്ടിലേക്കയക്കും. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.

പ്രിന്‍സിന്‍റെ പാസ്പോർട്ടും വിസയുമെല്ലാം റഷ്യൻ സൈന്യത്തിന്‍റെ കൈയിലായിരുന്നു. ജനുവരിയിലാണ് തുമ്പ സ്വദേശിയായ പ്രിയൻ എന്ന ഏജന്റ് മുഖേന പ്രിൻസ്, ടിനു, വിനീത് എന്നിവർ റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഏഴ് ലക്ഷം രൂപ വീതം ഓരോരുത്തരം നൽകി. റഷ്യയിലെത്തി രണ്ടാഴ്ച വിളിച്ചുവെന്ന് യുവാക്കളുടെ അമ്മമാർ പറയുന്നു. പിന്നീട് മക്കളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പാണ് പ്രിൻസ് വിളിച്ചത്. അപ്പോഴാണ് യുക്രെയിനെതിരെ യുദ്ധത്തിനായാണ് യുവാക്കളെ കൊണ്ടുപോയതെന്ന വിവരം കുടുംബം അറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *