Your Image Description Your Image Description

 

തിരുവനന്തപുരം: അരുണാചലിൽ മൂന്ന് മലയാളികൾ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച കൂടുതൽ തെളിവുകൾക്കായി പൊലീസ് അന്വേഷണം. കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ഭാര്യ ദേവിയും 10 ദിവസം എവിടെയായിരുന്നുവെന്നും അന്വേഷിക്കുന്നുണ്ട്. മാര്‍ച്ച് 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇവര്‍ മൂവരും ഒരുമിച്ചാണ് ഗുവാഹത്തിയിലേക്ക് വിമാനത്തിൽ കയറിയത്. യാത്രക്ക് അരുണാചൽ പ്രദേശിലെ ഇറ്റാനഗര്‍ എന്തിന് തെരഞ്ഞെടുത്തു എന്നത് വ്യക്തമായിട്ടില്ല.

മരിച്ച നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും പൊതുവെ അന്തർമുഖരായിരുന്നു. അധികമാരോടും അടുപ്പം കാണിച്ചിരുന്നില്ല. ആര്യക്ക് നിരന്തരം വിവാഹാലോചനകൾ വന്ന് കൊണ്ടിരുന്നു. പക്ഷെ സുഹൃത്തായ ദേവിയുടെ അഭിപ്രായ പ്രകാരം എല്ലാം നിരസിക്കുകയായിരുന്നു. ഒടുവിൽ ബന്ധുക്കളുടെ ശക്തമായ നിർബന്ധം കൊണ്ടാണ് അടുത്തിടെ വിവാഹത്തിന് സമ്മതിച്ചത്. അടുത്ത മാസം ഏഴിന് വിവാഹം നടക്കാനിരിക്കെയാണ് ആര്യ നവീനും ദേവിക്കുമൊപ്പം അരുണാചലിലേക്ക് പോയത്. എന്തുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും 3748 കിലോ മീറ്റർ അകലെയുള്ള സിറോ എന്ന സ്ഥലം മൂവർ സംഘം തെരഞ്ഞെടുത്തു എന്നതിൽ വ്യക്തതയില്ല.

ഹണിമൂൺവാലി എന്നറിയിപ്പെടുന്ന ഈ സ്ഥലം രാജ്യാതിർത്തി ഗ്രാമമാണ്. സ്ഥലം ആരെങ്കിലും നിർദ്ദേശിച്ചത് കൊണ്ടോ അതോ സ്വയം തെരഞ്ഞെടുത്തതോ എന്നത് അറിയാനുണ്ട്. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും വ്യക്തമല്ല. 17നാണ് നവീനും ദേവിയും കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങുന്നത്. 27നാണ് ആര്യയെയും കൂട്ടി സംഘം അരുണാചലിലേക്ക് പോയത്. പത്ത് ദിവസം നവീനും ദേവിയും എവിടെയായിരുന്നു എന്നും വ്യക്തമല്ല. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തത് നവീനാണ്. പത്ത് ദിവസം എടുത്തത് മരിക്കാനുള്ള തയ്യാറെടുപ്പിനാകാം എന്നാണ് കരുതുന്നത്. ഹോട്ടൽ മുറിയിൽ നിന്ന് രണ്ട് ബ്ലേഡുകളാണ് കിട്ടിയത്. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തതാകാം എന്ന സംശയമാണ് ഇറ്റാനഗർ പൊലീസ് പറയുന്നത്. മൂവരുടേയും ഫോണുകൾ കോടതിയിൽ ഹാജരാക്കും. ഇവ പരിശോധിച്ചാലോ സംശയങ്ങൾക്കെല്ലാം വ്യക്തത വരൂ. ബന്ധുക്കൾക്കൊപ്പം വട്ടിയൂർക്കാവ് പൊലീസിലെ എസ്ഐയും അരുണാചലിൽ ഇന്നെത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വൈകാതെ നാട്ടിലെത്തിക്കും. വീട്ടുകാരുടെ വിശദമായ മൊഴി കൂടി പൊലീസ് ശേഖരിക്കും.

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിൽ അധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂര്‍കാവ് പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ആര്യയുടെ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദേവിയുമായി നിരന്തരം സംസാരിച്ചിരുന്നെന്ന് മനസിലായി. ദേവിയെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോൾ ദേവിയും ഭര്‍ത്താവ് നവീനും സമാന ദിവസങ്ങളിൽ സ്ഥലത്തില്ലെന്ന് മാത്രമല്ല അവര്‍ വിനോദയാത്രക്ക് പോയെന്നും ബന്ധുക്കളിൽ നിന്ന് വിവരം കിട്ടി. ഇതെ തുടര്‍ന്ന് പൊലീസും പിന്തുടര്‍ന്നു. ഗോഹാട്ടിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അന്വേഷണത്തിന് വഴിത്തിരിവാകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *