Your Image Description Your Image Description

 

തിരുവനന്തപുരം: കോട്ടയം കളത്തിപ്പടി ഇരുചക്ര വാഹന അപകടത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ വി ബ്രിജേഷിനെ പിരിച്ചുവിട്ടതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. മാര്‍ച്ച് 29നാണ് കളത്തിപ്പടിയില്‍ വച്ച് തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ചത്.

അതേസമയം, അപകടങ്ങള്‍ കുറയ്ക്കുന്നതിന് സമഗ്രകര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചായും കെഎസ്ആര്‍ടിസി അറിയിച്ചു. മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിദ്ദേശപ്രകാരം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മപദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങള്‍ക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാന്‍ വാഹനങ്ങള്‍ക്കുണ്ടോ എന്ന് സര്‍വ്വീസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി തുടരും. ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലാ യൂണിറ്റുകളിലെയും മുഴുവന്‍ ബസുകളും സൂപ്പര്‍ ചെക്ക് ചെയ്ത് കുറ്റമറ്റതാക്കും. ഫ്രണ്ട് ഗ്ലാസ് വിഷന്‍, റിയര്‍ വ്യൂ മിറര്‍, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കും.

ഡോര്‍ ലോക്കുകള്‍ ഡോറിന്റെ പ്രവര്‍ത്തനം എന്നിവ പരിശോധിക്കും. ഡാഷ് ബോര്‍ഡ് ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കും. ബസുകളുടെ റണ്ണിംഗ് ടൈം പരിശോധിച്ച് അപാകത പരിഹരിക്കും. വേഗപരിധി ബസുകളില്‍ ക്രത്യമായി ക്രമീകരിക്കും. യൂണിറ്റ് തലത്തില്‍ ചുമതലപെടുത്തിയിട്ടുള്ള യൂണിറ്റ്തല ആക്‌സിഡന്റ് സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ആവിഷ്‌കരിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *