Your Image Description Your Image Description

യേശു ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് പെസഹാ വ്യാഴം ആചരിക്കും. ക്രിസ്തു കുരിശുമരണത്തിന് മുന്‍പ് തന്‍റെ ശിഷ്യന്‍മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓര്‍മ്മ പുതുക്കലാണ് ഓരോ പെസഹാ ദിനാചരണവും.

കാൽകഴുകൽ ശുശ്രൂഷ

തന്റെ ശിഷ്യൻമാരുടെ കാൽ കഴുകി ലോകത്തിന് ക്രിസ്തു എളിമയുടെ സന്ദേശം നൽകിയതിന്റെ ഓർമ പുതുക്കലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിലെ കാൽകഴുകൽ ശുശ്രൂഷ. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകൾ പുരോഹിതൻ കഴുകി തുടച്ച് ചുംബിക്കും.

പെസഹ അപ്പവും പാലും

അന്ത്യ അത്താഴത്തിൻറെ സ്മരണയാണ് പെസഹാ വ്യാഴാഴ്ച വീടുകളിലൊരുക്കുന്ന പെസഹാ വിരുന്ന്. അന്നേ ദിവസം കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പെസഹ അപ്പം ഉണ്ടാക്കുന്ന പതിവുണ്ട്. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് “പെസഹ പാലിൽ” മുക്കി ഏറ്റവും പ്രായം കൂടിയ വ്യക്തി മുതൽ പ്രായം കുറഞ്ഞ വ്യക്തിവരെ കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.

പുളിക്കാത്ത മാവു കൊണ്ട് ഉണ്ടാക്കുന്ന അപ്പമായതിനാൽ ഇതിനു ‘പുളിയാത്തപ്പം’ എന്നും കുരുത്തോല കൊണ്ടുള്ള കുരിശടയാളം അപ്പത്തിന്മേൽ പതിപ്പിക്കുന്നത് കൊണ്ട് ‘കുരിശപ്പം’ എന്നും ഇത് അറിയപ്പെടുന്നു.

പെസഹാ അപ്പത്തിന്റെയും പാലിന്റെയും പാചകക്രമത്തിൽ പ്രാദേശികമായി ചില വ്യത്യാസങ്ങളും നിലവിലുണ്ട്. ചിലയിടങ്ങളിൽ “പാല് കുറുക്ക്” (പാലുർക്ക്) ഉണ്ടാക്കുകയും പെസഹയുടെ അന്ന് രാത്രിയിൽ കുറുക്കായി തന്നെ കഴിക്കുകയും ചെയ്യുന്നു. പാല് കുറുക്കിയത് പിറ്റേ ദിവസമാകുമ്പോൾ കട്ടയാകുകയും, ദുഖവെള്ളി ദിവസം കാലത്ത് കുർബ്ബാന കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കുടുംബാംഗങ്ങൾ എല്ലാവരും ഒത്ത് ചേർന്ന് കൈപ്പുള്ള ഇലയും മറ്റോ കടിച്ച് കട്ടയായ അപ്പം കഴിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *