Your Image Description Your Image Description

കോട്ടയത്തെ കടുത്ത ചൂടിൽ വെന്തുരുകുകയാണ് സ്ഥാനാർത്ഥികളും പാർട്ടിക്കാരും . 40 ഡിഗ്രി വരെ എത്തിയ കോട്ടയത്തെ കടുത്ത ചൂട് . ശരീരം വിയർത്ത് ഒട്ടുന്ന വരണ്ട കാലാവസ്ഥയും അന്തരീഷ ഊഷ്മാവ് കൂടിയതിന്റെ പുകച്ചിലും സ്ഥാനാർത്ഥികളെ അക്ഷരാർത്ഥത്തിൽ വലയ്ക്കുകയാണ്.

വോട്ടുപിടിക്കാൻ രാവിലെ മുതൽ രാത്രി വരെ നാടുനീളെയുള്ള അലച്ചിലിനിടയിൽ വയറ് കേടാകാതിരിക്കാൻ കഴിവതും വീട്ടിലെ ഭക്ഷണം വാഹനത്തിൽ പ്രത്യേകം കരുതുകയാണ് സ്ഥാനാർത്ഥികളിറങ്ങുന്നത് .

തിളപ്പിച്ചാറ്റിയ വെള്ളം, ഗ്രീൻ ടീ, കരിക്ക്, തണ്ണിമത്തൻ, വെള്ളരിക്ക എന്നിവയ്ക്ക് പുറമേ ചോറും കറികളും അല്ലെങ്കിൽ ചപ്പാത്തിയും കറിയും നിറച്ച ടിഫിൻ ബോക്സ് കരുതിയാണ് പര്യടനം നടത്തുന്നത് . നോമ്പുകാലമായതിനാൽ വെജിറ്റേറിയൻ ഭക്ഷണത്തോടാണ് എൽ ഡി എഫ് , യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് പ്രിയം.

കടുത്തചൂടിൽ ഇടയ്ക്കിടെ ചായയും കാപ്പിയും കുടിക്കുന്നത് പ്രശ്നമാകാതിരിക്കാൻ വെള്ളം കുടിയാണ് ശരണം. ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ രാവിലെ പ്രചാരണത്തിന് ഇറങ്ങുമ്പോൾ ടിഫിനും തിളപ്പിച്ചാറിയ വെള്ളവും കൂടെ കരുതും.

ചൂടു കൂടിയതിനാൽ വെള്ളം കുടിച്ച് മടുക്കും. പ്രഭാത ഭക്ഷണം വീട്ടിൽ നിന്നു കഴിച്ചിട്ടാണ് ഇറങ്ങുന്നത്. ഉച്ചഭക്ഷണവും ടിഫിനിലുണ്ടാകും. രാത്രി ഭക്ഷണം മിക്കവാറും വീട്ടിൽ മടങ്ങിയെത്തുമ്പോഴായിരിക്കും. പ്രചാരണം ചൂടുപിടിച്ച് സ്വീകരണ യോഗങ്ങൾ ആരംഭിക്കുമ്പോഴും ഒന്നുകിൽ വീട്ടിലെ ഭക്ഷണം അല്ലെങ്കിൽ പ്രവർത്തകരുടെ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണത്തോടാണ് താത്പര്യം.

വീട്ടിൽ തയ്യാറാക്കിയ ചൂട് ജീരകവെള്ളവുമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പര്യടനം. വീട്ടിലെ ഭക്ഷണത്തോടാണ് പ്രിയം. പറ്റില്ലെങ്കിൽ പ്രവർത്തകർ തയ്യാറാക്കിയ ഭക്ഷണം കഴിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പണ്ടേയുള്ള ശീലമാണ്.

ആഹാരം ശ്രദ്ധിച്ചല്ലേ പറ്റൂ. എപ്പോഴും കുളിച്ച് ഫ്രഷായി ഇരിക്കണമെന്നത് ശീലമാണ്. സാധാരണ പറ്റുമെങ്കിൽ ഒരു ദിവസം രണ്ടും മൂന്നും തവണ കുളിക്കും. വെറുതെ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുമ്പോഴാണെ, കുളിയെങ്കിലും ഒരു പണിയായി കരുതാം . സ്വീകരണ പര്യടനം ആകുമ്പോൾ ചൂട് പ്രശ്നമാകും. എത്ര മടുത്താലും വെള്ളം കുടിച്ച് ക്ഷീണമകറ്റും. പ്രവർത്തകരുടെ വീടുകളിൽ കുളിക്കാനൊന്നും കേറിയേക്കല്ലേ, അതുമതി കോലാഹലങ്ങൾക്ക് ,

ഇടത് – വലത് സ്ഥാനാർത്ഥികൾക്ക് ചൂടുവെള്ളം നിർബന്ധമാണെങ്കിൽ എൻ.ഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് തണുപ്പിനോടാണ് പ്രിയം. ഭക്ഷണം കുറച്ച് പഴങ്ങളും ജ്യൂസും കഴിക്കും. വെള്ളം കൂടുതൽ കുടിക്കും. തണുത്ത വെള്ളം നിറയെ കരുതും.

ഇതൊക്കെ യാണെങ്കിലും ഒരു സംശയം , എള്ളോണുങ്ങുന്നത് എണ്ണയ്ക്കാണ് , തുഷാറിങ്ങനെ ഉണങ്ങുന്നത് എന്തിന് വേണ്ടിയാണ് ? ചോദിച്ചെന്നേയുള്ളു, ഇതിനിടയിലാണ് ബിജെപി അഖില ലോക നേതാവ് പി സി ജോർജ്ജിന്റെ ഒരു പ്രസ്താവന കണ്ടത് , വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാറില്ലന്ന് .

കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്കരിച്ചുവത്രേ . തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്കരണത്തിനു കാരണമെന്നാണ് പറയപ്പെടുന്നത് . ജോർജ്ജ് പങ്കെടുത്തിരുന്നെങ്കിൽ തുഷാർ ഡൽഹിയിൽ പാർലമെന്റിലിരുന്നേനെ ?

‘‘ഞാനിപ്പോൾ ബിജെപിയുടെ പ്രവർത്തകനാണ്. ഘടക കക്ഷികളുടെ യോഗത്തിന് ക്ഷണിച്ചാലല്ലേ പോകാൻ പറ്റൂ. എന്നെ ആരും വിളിച്ചിട്ടില്ല. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം എനിക്കില്ലല്ലോ’യെന്നാണ് പി.സി.ജോർജ് പറയുന്നത് . നേരത്തെ ‘സ്മോൾ ബോയ്’ യെന്ന് ജോർജ്ജ് പറഞ്ഞതിൽ തുഷാറിന് കലിപ്പുണ്ടായതുകൊണ്ടാണ് ജോർജ്ജിനെ വിളിക്കാഞ്ഞത് .

തുഷാറിന്റെ റോഡ് ഷോയിലും പങ്കെടുത്തില്ല ,ഇതിനു പിന്നാലെയാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത കൺവൻഷനിൽനിന്നും വിട്ടുനിന്നത്. കഷ്ടമായി പോയി , ജോർജ്ജ് പങ്കെടുത്തിരുന്നെങ്കിൽ എന്തെല്ലാം നേട്ടങ്ങളുണ്ടായിരുന്നു , ഇതാ പറയുന്നേ മരമറിഞ്ഞു കൊടിയിടണമെന്ന് .

Leave a Reply

Your email address will not be published. Required fields are marked *