Your Image Description Your Image Description

ആലപ്പുഴ: കടം കൊടുത്ത പണവും സ്വർണവും തിരികെ കിട്ടാത്തതിൽ മനംനൊന്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കിടങ്ങന്നൂർ വല്ലന രാജവിലാസം വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ രജനി(56)യാണ് ഇന്നലെ രാവിലെ കളമശേരിയിലെ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കാണ് രജനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.

അയൽവാസിയുടെ സഹോദരിയുടെ മരുമകനായ പെരിങ്ങാല സ്വദേശി 3 ലക്ഷം രൂപയും 30 പവൻ സ്വർണവും കടം വാങ്ങിയതായി രജനി എഴുതിവച്ച കുറുപ്പിലുണ്ട്. എത്ര ചോദിച്ചിട്ടും പണവും സ്വർണവും തിരികെ നൽകാൻ തയാറായില്ലെന്നും, ഇതോടെ മനംനൊന്ത് അയൽവാസിയുടെ കടയ്ക്കു മുന്നിലെത്തി തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇവരെ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി.ടോജിയും പഞ്ചായത്തംഗം വിൽസി ബാബുവും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. 80 ശതമാനത്തിലധികം പൊള്ളലേറ്റതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഇവരെ കളമശേരിയിലേക്കും മാറ്റുകയായിരുന്നു.

ഇവർ പലർക്കായി കൊടുത്ത പണത്തിന്റെ കണക്ക് വീടിന്റെ ഭിത്തിയിൽ പെൻസിൽ കൊണ്ട് എഴുതിയിട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിനു പിന്നാലെ അയൽവാസിയെയും വീട്ടുകാരെയും ആറന്മുള പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കിയിരുന്നു. പണവും സ്വർണവും വാങ്ങിയയാൾ നാട്ടിലില്ലെന്നാണ് അറിയുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് ഇന്നു വിട്ടുനൽകും. എൻജിനീയറിങ് വിദ്യാർഥിയായ ആരോമലാണ് രജനിയുടെ മകൻ. ജർമനിയിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവ് ത്യാഗരാജൻ 3 വർഷം മുൻപ് മരിച്ചതോടെ രജനി മനോവിഷമത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *