Your Image Description Your Image Description

പത്തനാപുരം: പുതുവർഷത്തിൽ ഗാന്ധിഭവന് വലിയ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികൾക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്കായി എം.എ. യൂസഫലി നിർമ്മിച്ചുനൽകുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തിൽ ശിലയിട്ടു.

ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടൻ ടി.പി. മാധവനടക്കം മുതിർന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്.

ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാർക്ക് താമസിക്കുവാൻ പതിനഞ്ച് കോടിയിലധികം തുക മുടക്കി യൂസഫലി നിർമ്മിച്ച ബഹുനില മന്ദിരത്തിനു സമീപത്താണ് പുതിയ കെട്ടിടം. മുന്നൂറോളം അന്തേവാസികൾക്ക് അത്യന്താധുനിക സൗകര്യങ്ങളോടെ താമസിക്കുവാനുള്ള സംവിധാനങ്ങളൊരുക്കുന്ന മൂന്ന് നില കെട്ടിടത്തിന് ഇരുപത് കോടി രൂപയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷ.

ഏറ്റവും മുകളിൽ 700 പേർക്ക് ഇരിക്കാവുന്ന പ്രാർത്ഥനാഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷാസംവിധാനങ്ങൾ, പ്രത്യേക പരിചരണവിഭാഗങ്ങൾ, ഫാർമസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാൾ, മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രാർത്ഥനാമുറികൾ, ഡോക്ടർമാരുടെ പരിശോധനാ മുറികൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ, ഓഫീസ് സംവിധാനങ്ങൾ, കിടക്കകൾ, ഫർണീച്ചറുകൾ എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് യൂസഫലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *