Your Image Description Your Image Description

ചെന്നൈ: ഇന്ത്യയിൽ നിന്ന് ​വിദേശത്തേക്ക് 2000 കോടി രൂപയുടെ മയക്കു മരുന്ന് കടത്തിയെന്ന കേസിൽ തമിഴ് സിനിമ നിർമാതാവ് ജാഫർ സാദിഖിനെ അറസ്റ്റ് ചെയ്തു. ഡി.എം.കെയുമായി അടുത്ത ബന്ധമുള്ള ജാഫർ സാദിഖ് ഫെബ്രുവരി 15 മുതൽ ഒളിവിലാണെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറിയിച്ചിരുന്നു. ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ കഴിഞ്ഞമാസം എൻസിബി ഡൽഹിയിൽ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ജാഫർ സാദിഖിന് ലഹരിക്കടത്തിൽ നിർണായക പങ്കുണ്ടെന്ന സൂചന ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

2000 കോടി രൂപയുടെ മയക്കുമരുന്ന് ആസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കടത്തിയ ശൃംഖലയുടെ തലവൻ ജാഫർ ആണെന്നാണ് എൻ.സി.ബി വെളിപ്പെടുത്തിയത്.  ഈ മേഖലയിൽ ലഹരി വ്യാപാരം നടത്തുന്ന ‘ഡ്രഗ് സിൻഡിക്കേറ്റി’ന്റെ തലവനാണ് ഇയാളെന്നും എൻസിബി പറയുന്നു. ഗുരുതര കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഇയാളുടെ എട്ട് ബാങ്ക് അക്കൗണ്ടുകൾ‌ മരവിപ്പിച്ചു. 45 പാഴ്സലുകളിലായി 3,500 കിലോ സ്യൂഡോഫെഡ്രിൻ ജാഫർ ഓസ്ട്രേലിയയിലേക്ക് അയച്ചെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് വ്യക്തമാക്കി.  ജാഫർ സാദിഖ് തെന്നിന്ത്യയിൽ ഇതുവരെ നാല് സിനിമകൾ ചെയ്തിട്ടുണ്ട്.

തേങ്ങയിലും ഉണക്കിയ പഴങ്ങളിലും ഒളിപ്പിച്ചാണ് ഇയാൾ സ്യൂഡോഫെഡ്രിൻ കടത്തിയത്. മെത്താംഫെറ്റമിൻ, ക്രിസ്റ്റല്‍ മെത്ത് ഉൾപ്പെടെയുള്ള മാരക ലഹരി മരുന്നുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണിത്. ലഹരിക്കടത്തിലൂടെ കോടികള്‍ സമ്പാദിച്ച ജാഫർ സിനിമാ നിർമാണത്തിനു പുറമെ റിയൽ എസ്റ്റേറ്റിലും ഈ തുക നിക്ഷേപിച്ചതായി എൻസിബി കണ്ടെത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *