Your Image Description Your Image Description

ലണ്ടൻ: 2014 മാർച്ച് എട്ടിന് 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യൻ‍ എയർലൈൻസിന്റെ എംഎച്ച്370 വിമാനം വീണ്ടും തിരച്ചിൽ നടത്തിയാൽ ഉടൻ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് വ്യോമയാന വിദഗ്ധർ രംഗത്ത്. എയ്‌റോസ്‌പേസ് വിദഗ്ധരായ ജീൻ-ലൂക്ക് മർചന്റ്, പൈലറ്റ് പാട്രിക് ബ്ലെല്ലി എന്നിവരാണ് ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനം പത്തു ദിവസത്തെ തിരച്ചിലിൽ കണ്ടെത്താനാകുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ലണ്ടനിലെ റോയൽ എയറോനോട്ടിക്കൽ സൊസൈറ്റിയിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടത്. എംഎച്ച്370 ന്റെ അവശിഷ്ടങ്ങൾക്കായി പുതിയ തിരച്ചിൽ ആരംഭിക്കാൻ ഇരുവരും മലേഷ്യൻ സർക്കാരിനോടും ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി അതോറിറ്റിയോടും ആവശ്യപ്പെട്ടു.

വിമാനം തട്ടിക്കൊണ്ടുപോയി ആഴക്കടലിൽ വീഴ്ത്തിയതാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദിഷ്ട സ്ഥലത്ത് തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്ന് മർച്ചന്റും ബെല്ലിയും കൂട്ടിചേർത്തു. വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ ബോധപൂർവം ആരോ ഓഫാക്കിയതാണെന്നും വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റം ഓട്ടോപൈലറ്റ് മൂലമല്ലെന്നും ഇരുവരും പറയുന്നു.

തായ്, ഇന്തൊനീഷ്യൻ, ഇന്ത്യൻ, മലായ് എന്നീ വ്യോമാതിർത്തികൾക്കിടയിൽ ‘നോ മാൻസ് ലാൻ‍ഡിൽ’ ആയിരിക്കുമ്പോഴാണ് വിമാനത്തിന് പെട്ടെന്ന് ദിശാമാറ്റം സംഭവിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. 227 യാത്രക്കാരും 12 ജീവനക്കാരുമായി ദക്ഷിണ മലേഷ്യയിലെ ക്വാലലംപുർ വിമാനത്താവളത്തിൽ നിന്ന് ചൈനയിലെ ബെയ്ജിങ്ങിലേക്കുള്ള യാത്രാമധ്യേയാണ് എംഎച്ച്370 വിമാനം അപ്രത്യക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *