Your Image Description Your Image Description

ന്യൂഡൽഹി: ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്ന് ക്രൂരതയായി പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി.എന്നാല്‍ തന്റെ കുടുംബത്തില്‍നിന്ന് മാറി മറ്റൊരിടത്ത് ജീവിക്കണമെന്ന് ഭര്‍ത്താവിനോട് ഭാര്യ ആവശ്യപ്പെടുന്നത് ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സുരേഷ് കുമാർ കൈത്, നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. കുടുംബകോടതി വിവാഹമോചനം നിഷേധിച്ചതിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

വിവാഹജീവിതത്തില്‍, ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നതിന്റെ ഭാഗമായി ഭാര്യ ഗാര്‍ഹിക ജോലികള്‍ ചെയ്യണമെന്ന് ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ഒരു ക്രൂരതയായി കാണാനാകില്ല. ഭര്‍ത്താവ് സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ ഭാര്യ ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത് പതിവാണ്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് വീട്ടുജോലിക്കാരിയോട് ആവശ്യപ്പെടുന്നതുപോലെയല്ല. വിവാഹിത, വീട്ടുജോലികള്‍ ചെയ്യുന്നത് തന്റെ കുടുംബത്തോടുള്ള സ്‌നേഹവും കരുതലുമായാണ് കണക്കാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

‘വരുമാനമില്ലാത്ത, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള നിയമപരവും ധാർമികവുമായ ബാധ്യത മകനുണ്ട്. വിവാഹത്തിന് ശേഷം മാതാപിതാക്കളിൽ നിന്ന് വേർപെട്ടു താമസിക്കുകയെന്നത് ഹൈന്ദവസംസ്‌കാരത്തിൽ അഭിലഷണീയമല്ല. അങ്ങനെയൊരു പൊതു ആചാരവുമില്ല. ദമ്പതികൾ വിവാഹത്തിലേക്ക് പ്രവേശിക്കുമ്പോൾ ഭാവി ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ പങ്കുവയ്ക്കാമെന്ന ഉദ്ദേശ്യം കൂടി അതിനു പിന്നിലുണ്ട്. വിവാഹിതയായ സ്ത്രീയോട് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ജോലിക്കാരിയോട് നിർദേശിക്കുന്ന പോലെയല്ല. സ്‌നേഹവും വാത്സല്യവുമായി അതിനെ പരിഗണിക്കണം. ചില ഘട്ടങ്ങളിൽ ഭർത്താവ് സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കേണ്ടി വരും. ഭാര്യ വീട്ടുത്തരവാദിത്വങ്ങളും. ഇവിടത്തെ കേസ് അതാണ്. ഭാര്യ വീട്ടുജോലി ചെയ്യണമെന്ന് ഭർത്താവ് ആഗ്രഹിച്ചാൽ അതിനെ ക്രൂരതയായി കണക്കാക്കാൻ ആകില്ല’- കോടതി വ്യക്തമാക്കി.

ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാത്തതിനാൽ വിവാഹമോചനം വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. നേരത്തെ കുടുംബ കോടതി പരിഗണിച്ച കേസ് ഭർത്താവിന് വിവാഹമോചനം നൽകാനാവില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *