Your Image Description Your Image Description

ശിവരാത്രി ദിനം മഹാദേവനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പൂര്‍ണ്ണ സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമശിവനുവേണ്ടി പാര്‍വതീ ദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ചത് ഈ ദിവസമാണെന്നാണ് വിശ്വാസം. അതിനാലാണ് എല്ലാ വര്‍ഷവും മാഘ മാസത്തിലെ കറുത്ത ചതുര്‍ദശി ശിവരാത്രിയായി ആഘോഷിക്കുന്നത്.

സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാന്‍ ഉത്തമമത്രേ. ദമ്പതികള്‍ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമെന്ന് വിശ്വാസം.

ശിവരാത്രിയിലെ വ്രതം പുലര്‍ച്ചെ ആരംഭിക്കുകയും പകലും രാത്രിയും തുടരുകയും ചെയ്യുന്നു. പഞ്ചാംഗം നിര്‍ദ്ദേശിച്ച പ്രകാരം പാരണ സമയത്ത് മാത്രമേ ഉപവാസം അവസാനിപ്പിക്കാവൂ. ശിവരാത്രി ദിനത്തില്‍ രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നാല്‍ മാത്രമേ വ്രതാനുഷ്ഠാനത്തിന് ഫലമുണ്ടാവുകയുള്ളൂ. വീട്ടില്‍ അല്ലെങ്കില്‍ ക്ഷേത്രത്തില്‍ ശിവപൂജയ്‌ക്കൊപ്പം ജാഗ്രത പാലിക്കേണ്ടതാണ്. കാരണം ഭക്ഷണം, പാനീയങ്ങള്‍, വെള്ളം എന്നിവ ഒഴിവാക്കുന്നതാണ് കര്‍ശനമായ ഉപവാസം. എന്നാല്‍ ഉപവാസത്തില്‍ പാലും വെള്ളവും പഴങ്ങളും കഴിക്കാവുന്നതാണ്.

വ്രതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മോശം ചിന്തകള്‍, മോശം കൂട്ടുകെട്ടുകള്‍, മോശം വാക്കുകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നതാണ്. ഭക്തന്‍ പുണ്യകാര്യങ്ങള്‍ ചെയ്യുകയും അനുഷ്ഠിക്കുകയും എല്ലാ തിന്മകളില്‍ നിന്നും അകന്നുനില്‍ക്കുകയും വേണം. ഇതാണ് ശിവരാത്രി പുണ്യത്തെ മികച്ചതാക്കുന്നത്. ക്ഷേത്രപരിസരത്ത് താമസിക്കുന്നതും, ശിവനാമം ജപിക്കുന്നതും ഭഗവാന്റെ മഹത്വം ശ്രവിക്കുന്നതും എന്നിവ ഭക്തര്‍ക്ക് പുണ്യം നല്‍കുന്നതാണ്.

ശിവരാത്രി ദിനത്തില്‍, അതിരാവിലെ എഴുന്നേറ്റു കുളിച്ചതിന് ശേഷം വേണം എല്ലാ കാര്യവും ചെയ്യുന്നതിന്. എന്നാല്‍ കുളിക്കുമ്പോള്‍ അതില്‍ അല്‍പം എള്ള് തിളപ്പിച്ച വെള്ളം കുളിക്കുന്നതിന് ഉപയോഗിക്കണം. ഇത് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. കുളി കഴിഞ്ഞ് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച്, അടുത്തുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

അതിന് ശേഷം വീട്ടില്‍ തന്നെ ശിവപൂജ നടത്താവുന്നതാണ്. പാല്, തേന്‍, സുഗന്ധദ്രവ്യങ്ങള്‍, പൂക്കള്‍, കോടി വസ്ത്രം, മറ്റ് പൂജാ സാമഗ്രികള്‍ എന്നിവ സമര്‍പ്പിച്ചുകൊണ്ട് വേണം ഭഗവാന് വേണ്ടി പൂജ ചെയ്യുന്നതിന്. വീട്ടില്‍ പൂജ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ക്ഷേത്രത്തിൽ പൂജ വഴിപാടായി കഴിപ്പിക്കാവുന്നതാണ്. ക്ഷേത്രത്തിലെ പുണ്യസ്നാന വേളയില്‍ പരമശിവന്റെ ദിവ്യനാമങ്ങള്‍ ജപിക്കുന്നത് വളരെ ശ്രേഷ്ഠമായി കണക്കാക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *