Your Image Description Your Image Description

ശിവരാത്രിയുമായി ബന്ധപ്പെടുത്തി പ്രധാനമായും രണ്ട് പുരാണകഥകൾ ആണ് ഉള്ളത്. ആദ്യത്തേത് പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ ശ്രീ പാർവതി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് വിശ്വസിക്കുന്നത്.

രണ്ടാമത്തേത് ശിവ മാഹാത്മ്യവുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മാവും വിഷ്ണുവുമായി ബന്ധപ്പെടുത്തിയാണ് ആ കഥ. മഹാവിഷ്ണുവിൻറെ നാഭിയിൽ നിന്നും ഉടലെടുത്ത താമരയിൽ ബ്രഹ്മാവ് ജന്മമെടുത്തു. അപ്പോൾ ബ്രഹ്മാവിന് മഹാവിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിൻറെ സൃഷ്ടാവും പ്രപഞ്ച പരിപാലകനുമായ നാരായണനാണ് ഞാൻ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നൽകിയില്ല. അവർ തമ്മിൽ യുദ്ധം ആരംഭിച്ചു. ഒരു ശിവലിംഗം അവർക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിൻറെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കുവാനും ജ്യോതിർലിംഗതിന്റെ അഗ്രം കണ്ടുപിടിക്കുന്നവനാണ് ശ്രേഷ്ഠൻ എന്നും അശരീരി മുഴങ്ങി. അഗ്രങ്ങൾ കണ്ട് പിടിക്കാൻ ബ്രഹ്മാവ് അതിന്റെ മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു.

വളരെ പരിശ്രമിച്ചിട്ടും പരാജയപെട്ടു രണ്ട് പേരും പൂർവസ്ഥാനത്ത് വന്ന് നിന്നു. അപ്പോൾ ശ്രീ പരമേശ്വരൻ പ്രത്യക്ഷപ്പെട്ട് തൻറെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു. പരമശിവൻ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തിൽ ചതുർദശി രാത്രിയിലായിരുന്നു. എല്ലാ വർഷവും ഈ പുണ്യരാത്രി വിശേഷമായി അനുഷ്ടിക്കണമെന്നും മംഗളകരമായ അത്‌ ശിവരാത്രി എന്നറിയപ്പെടുമെന്നും മഹാദേവൻ അരുളിചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *