Your Image Description Your Image Description

നമ്മുടെ പല ശാരീരിക പ്രവര്‍ത്തനങ്ങളെയും കുറിച്ച് നാം അങ്ങനെ ബോധപൂര്‍വം ചിന്തിക്കാറില്ല. കോട്ടുവായിടുന്നതോ ഏമ്പക്കം വിടുന്നതോ എല്ലാം അങ്ങനെ നമ്മള്‍ കാര്യമായി ശ്രദ്ധിക്കാത്ത കാര്യങ്ങളാണ്. എന്നാല്‍ ഏമ്പക്കം വിടുന്നത് അധികമായാല്‍ സ്വാഭാവികമായും അതൊരു പ്രയാസമായിത്തീരും.

പ്രത്യേകിച്ച് പൊതുവിടങ്ങളിലും മറ്റ് ആളുകള്‍ക്കൊപ്പവും സമയം ചിലവിടുമ്പോഴാണ് ഇതൊരു പ്രശ്നമായി വരിക. ഇങ്ങനെ കൂടെക്കൂടെ ഏമ്പക്കം വരുന്നത് ‘നോര്‍മല്‍’ അല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ട കാര്യം.

വയറ്റില്‍ ഗ്യാസ് കൂടുതലായിട്ടുണ്ട് എന്നതിന്‍റെ സൂചനയാണ് ഏമ്പക്കം. ഇത് കൂടെക്കൂടെ വരുമ്പോള്‍ അതിന് അനുസരിച്ച് ഗ്യാസിന്‍റെ പ്രശ്നം കൂടുതലാണെന്നാണ് നാം മനസിലാക്കേണ്ടത്. ഇതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. ഏമ്പക്കം വരുമ്പോള്‍ തന്നെ അകത്തുനിന്ന് ദുര്‍ഗന്ധവും വരുന്നുണ്ടെങ്കില്‍ (ഹൈഡ്രജൻ സള്‍ഫൈഡ് ഗ്യാസ്) മനസിലാക്കാം, കാര്യമായ ദഹനപ്രശ്നങ്ങള്‍ തന്നെ ഉണ്ട്.

എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ കൂടെക്കൂടെ ഏമ്പക്കം വരാം എന്ന് കൃത്യമായി മനസിലാക്കാം.
1. വായു:- നമ്മള്‍ ശ്വാസമെടുക്കുന്നത് അധികവും വായിലൂടെയാണെങ്കില്‍ അകത്തേക്ക് കൂടുതല്‍ വായു പോകാം. അതുപോലെ ഭക്ഷണം കഴിക്കുമ്പോള്‍ എന്തെങ്കിലും കുടിക്കുമ്പോഴോ എല്ലാം വായു അകത്തേക്ക് കയറുന്നുണ്ട്. വേഗത്തില്‍ കഴിക്കുമ്പോഴാണെങ്കില്‍ അധികമായും വായു അകത്തേക്ക് കടക്കുന്നു. അതിനാല്‍ വേഗതയില്‍ കഴിക്കുന്നതോ കുടിക്കുന്നതോ ശീലമുള്ളവരില്‍ അമിതമായ വായു മൂലം ഇടയ്ക്കിടെ ഏമ്പക്കം വരാം.

2. കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്:- കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് പൊതുവെ തന്നെ ആരോഗ്യത്തിന് നല്ലതല്ല. ഇവയിലുള്ള കാര്‍ബണ്‍ ഡയോക്സൈഡ് വയറ്റില്‍ കൂടുതല്‍ ഗ്യാസുണ്ടാക്കുകയും അതുമൂലം നിരന്തരം ഏമ്പക്കം വരികയും ചെയ്യാം.

3. അമിതമായ ഭക്ഷണം:- അമിതമായ ഭക്ഷണം കഴിക്കുന്നത് താല്‍ക്കാലികമായോ, അല്ലെങ്കില്‍ പതിവായോ തന്നെ ഇത്തരത്തില്‍ കൂടെക്കൂടെ ഏമ്പക്കം വരുന്നതിലേക്ക് നയിക്കാം. ചിലര്‍ക്ക് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒരു ശീലം തന്നെയാകാം. അവരില്‍ ഈ പ്രശ്നം കൂടുതലായി കാണാം.

4. ദഹനപ്രശ്നങ്ങള്‍:- ദഹനസംബന്ധമായ പ്രശ്നങ്ങളോ അസുഖങ്ങളോ ഉള്ളവരിലും ഇടവിട്ട് ഏമ്പക്കം വരാറുണ്ട്.

5. പുകവലി:- പതിവായി പുകവലിക്കുന്നവരിലും ഗ്യാസ് അധികമായി കാണാം എന്നതിനാല്‍ ഇടയ്ക്കിടെ ഏമ്പക്കം വരാം. ഇവരില്‍ ദഹനസംബന്ധമായ പല പ്രശ്നങ്ങളും ഇതുമൂലം കാണാം.

6. ചില ഭക്ഷണങ്ങളും അധികമായി ഗ്യാസ് ഉത്പാദിപ്പിക്കുന്നതിലേക്ക് നയിക്കും. ബീൻസ്, ക്യാബേജ്, ബ്രൊക്കോളി, ഉള്ളി, കാര്‍ബണേറ്റഡായ പാനീയങ്ങളെല്ലാം ഇത്തരത്തിലുള്ളതാണ്. ഇവ കഴിക്കുന്നതും ഇടവിട്ട് ഏമ്പക്കം വരാൻ കാരണമാകാം.

Leave a Reply

Your email address will not be published. Required fields are marked *