Your Image Description Your Image Description

ന്യൂഡൽഹി: രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളിൽ 75 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. ഇന്ത്യയിൽ മുസ്ലീങ്ങളെയും താഴ്ന്ന ജാതിയിലുള്ളവരെയും ആക്ഷേപിച്ചുകൊണ്ട് മാത്രം 2023 ൽ 668 വിദ്വേഷ പ്രസംഗ പരിപാടികൾ നടന്നതായാണ് റിപ്പോർട്ട്. ഇന്ത്യ ഹേറ്റ് ലാബാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ‘ഇന്ത്യയിലെ വിദ്വേഷ പ്രസംഗ പരിപാടികൾ’ എന്ന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം 2023ൻ്റെ ആദ്യപകുതിയിൽ 255ഓളവും അവസാന പകുതിയിൽ 413 ഓളവും വിദ്വേഷ പ്രസംഗ പരിപാടികൾ നടന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. 2023ൻ്റെ ആദ്യപകുതിയിലെ കണക്കുകളെ അപേക്ഷിച്ച് 63 ശതമാനതോളം വർധനവാണ് 2023 ലെ അവസാന പകുതിയിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലൗ ജിഹാദ്, ലാൻഡ് ജിഹാദ്, ഹലാൽ ജിഹാദ്, പോപ്പുലേഷൻ ജിഹാദ് കൂടാതെ മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗ പരിപാടികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. 2023 ഓഗസ്റ്റ് മുതൽ നവംബർ വരെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടെയെല്ലാം വിദ്വേഷ പ്രസംഗ പരിപാടികൾ നടന്നിരുന്നു. ഇതിന് പുറമേ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, കർണാടക, ഗുജറാത്ത്, ബീഹാർ സംസ്ഥാനങ്ങളിലെല്ലാം കടുത്ത വിദ്വേഷ പരാമർശങ്ങളോടെയുള്ള പ്രസംഗ പരിപാടികൾ നടന്നിരുന്നു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബി ജെ പി ഇതര സംസ്ഥാനങ്ങളിലും വിദ്വേഷ പ്രസംഗങ്ങൾ നടന്നിരുന്നുവെങ്കിലും അപകടകരമായ രീതിയിൽ പ്രസംഗങ്ങൾ കൂടുതലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തന്നെ ആയിരുന്നുവെന്നും റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്. കൂടാതെ, ആരാധനാലയങ്ങളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗ പരിപാടികളിൽ 78 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *