Your Image Description Your Image Description

വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ആമാശയ ക്യാൻസർ അഥവാ വയറിലെ അര്‍ബുദം അല്ലെങ്കില്‍ ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് വയറിലെ അര്‍ബുദ സാധ്യതയെ കൂട്ടുന്നത്. അതുപോലെ തന്നെ ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, മോശം ഭക്ഷണം രീതി, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം.

വയറിലെ ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ദഹനക്കേട്, നെഞ്ചെരിച്ചിൽ, അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത എന്നിവയാണ് വയറിലെ ക്യാന്‍സറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. വയറിന്‍റെ മുകൾ ഭാഗത്തെ നിരന്തരമായ വേദന, ഭക്ഷണത്തിനു ശേഷം ഇടയ്ക്കിടെ ഛർദ്ദില്‍ ഉണ്ടാവുക, ഛർദ്ദിക്കുമ്പോള്‍ രക്തം വരുക, വയറിലെ നീർവീക്കം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, മലബന്ധം, കറുത്ത നിറമുള്ള മലം പോവുക, അകാരണമായി വിശദീകരിക്കാനാവാത്ത തരത്തില്‍ ശരീരഭാരം കുറയുക, ക്ഷീണം, തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം.

ആമാശയ ക്യാൻസറിനുള്ള പ്രധാന കാരണങ്ങൾ…
1. ഹെലിക്കോബാക്റ്റർ പൈലോറി അണുബാധ: ഈ ബാക്ടീരിയ ആമാശയ ക്യാൻസറിനുള്ള പ്രധാന അപകട ഘടകമാണ്.

2. ഭക്ഷണത്തിലെ ഘടകങ്ങൾ: ഉപ്പിട്ട ഭക്ഷണത്തിന്‍റെ അമിത ഉപയോഗം, പഴങ്ങളും പച്ചക്കറികളും കുറച്ച് കഴിക്കുന്നത്, പുകവലി തുടങ്ങിയവയൊക്കെ അപകടസാധ്യത വർദ്ധിപ്പിക്കും.

3. മദ്യത്തിന്‍റെയും പുകയില ഉൽപന്നങ്ങളുടെയും ഉപയോഗം: മദ്യത്തിന്‍റെയും പുകയില ഉൽപന്നങ്ങളുടെയും ഉപയോഗവും ആമാശയ ക്യാൻസർ വരാനുള്ള സാധ്യതയെ കൂട്ടാം.

4. ജനിതക കാരണങ്ങള്‍: പാരമ്പര്യമായി ചില ജനിതക രോഗങ്ങളുണ്ടെങ്കിൽ ആളുകൾക്ക് ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *