Your Image Description Your Image Description

ബിപി (ബ്ലഡ് പ്രഷര്‍) അഥവാ രക്തസമ്മര്‍ദ്ദം ജീവിതശൈലീരോഗമെന്ന നിലയില്‍ നിസാരവത്കരിച്ചിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ബിപിക്ക് എന്തുമാത്രം തീവ്രമായ അവസ്ഥയിലേക്കാണ് നമ്മെ എത്തിക്കാൻ സാധിക്കുകയെന്ന് ഇന്ന് മിക്കവര്‍ക്കും ബോധ്യമുണ്ട്. ഹൃദയാഘാതം, അല്ലെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളടക്കം ജീവൻ തന്നെ ഭീഷണിയിലാകുന്ന പല നിലയിലേക്കും ബിപി നമ്മെ എത്തിക്കാം.

ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ബിപിയുള്ളവര്‍ നിര്‍ബന്ധമായും അത് നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോയേ മതിയാകൂ. ബിപി നിയന്ത്രിക്കാൻ പ്രധാനമായും നമ്മള്‍ ഭക്ഷണത്തിലാണ് നിയന്ത്രണം പാലിക്കേണ്ടത്. ഇതിലേറ്റവും കാര്യമായി നോക്കേണ്ടത് ഉപ്പ് കുറയ്ക്കാനാണ്. ഉപ്പ് അഥവാ സോഡിയം ബിപിയെ വീണ്ടും ഉയര്‍ത്തും.

എന്നാലിത് മാത്രമല്ല ബിപിയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്. നമുക്ക് ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന ചില ധാതുക്കള്‍ ബിപി ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ നമ്മെ സഹായിക്കും. അവ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്താൻ കൂടി ബിപിയുള്ളവര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്.

പൊട്ടാസ്യം ആണ് ഇത്തരത്തില്‍ ഉറപ്പിക്കേണ്ടൊരു ഘടകം. രക്തക്കുഴലുകളുടെ ഭിത്തി ചുരുങ്ങിനില്‍ക്കാതെ ഫലപ്രദമായി രക്തയോട്ടത്തിന് സഹായിക്കുംവിധത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പൊട്ടാസ്യം സഹായിക്കും. ഇത് ബിപി ബാലൻസ് ചെയ്യുന്നതിനും സഹായിക്കുന്നു. നെഞ്ചിടിപ്പ് നോര്‍മലാക്കി വയ്ക്കുന്നതിനും പൊട്ടാസ്യം നമ്മെ സഹായിക്കുന്നുണ്ട്. ഇതും ബിപി ബാലൻസ് ചെയ്യുന്നു. പ്രൂണ്‍സ്, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ് എന്നിവയെല്ലാം പൊട്ടാസ്യത്താല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. ഇങ്ങനെ പൊട്ടാസ്യമടങ്ങിയ ഭക്ഷണങ്ങള്‍ ബിപിയുള്ളവര്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്തുക.
പൊട്ടാസ്യം പോലെ തന്നെ ബിപി ബാലൻസ് ചെയ്യാൻ സഹായിക്കുന്ന മറ്റൊരു ധാതുവാണ് മഗ്നീഷ്യം. ബിപി മാത്രമല്ല ഷുഗര്‍ നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം ഏറെ സഹായിക്കുന്നു. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിനും മഗ്നീഷ്യം വേണം. മഗ്നീഷ്യം പതിവായി തന്നെ ഭക്ഷണത്തിലൂടെ ലഭ്യമാക്കണം. ഇലക്കറികള്‍, റിഫൈൻഡ് അല്ലാത്ത ധാന്യങ്ങള്‍, പരിപ്പ്-പയര്‍വര്‍ഗങ്ങള്‍ എല്ലാമാണ് മഗ്നീഷ്യത്തിന്‍റെ ലഭ്യതയ്ക്കായി കഴിക്കേണ്ടത്.

കാത്സ്യമാണ് ബിപി നിയന്ത്രിക്കാൻ ഉറപ്പിക്കേണ്ട മറ്റൊരു ഘടകം. പാല്‍, പാലുത്പന്നങ്ങളെല്ലാം കാത്സ്യം ലഭ്യതയ്ക്കായി കഴിക്കാവുന്നതാണ്. കാത്സ്യമടങ്ങിയ മറ്റ് ഭക്ഷണങ്ങളും ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് കഴിക്കാം. എന്നാല്‍ കാത്സ്യം അമിതമാകുന്ന അവസ്ഥയുണ്ടാകരുത്. ഇത് ഗുണത്തിന് പകരം ദോഷമുണ്ടാക്കാം.

Leave a Reply

Your email address will not be published. Required fields are marked *